മുഖ്യമന്ത്രി പ്രതിയായ കേസിന്‍റെ വാദം പൂർത്തിയായിട്ട് ഇന്ന് ഒരു വർഷം; വിധി പറയാതെ ലോകായുക്ത

Jaihind Webdesk
Saturday, March 18, 2023


തിരുവനന്തപുരം:ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ കേസില്‍ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാതെ ലോകായുക്ത. ഹിയറിംഗ് പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം വിധി പറയണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരായ കേസില്‍ ഒരു വർഷമായിട്ടും വിധി പറയാതിരിക്കുന്നത്.
ഒരു വർഷം മുമ്പാണ് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും പ്രതിയാക്കി ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ പരാതി ഫയൽ ചെയ്തത്. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ് ശശികുമാറാ ണ് ഹർജിക്കാരൻ. 2022 ഫെബ്രുവരി അഞ്ചിന് വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. വാദത്തിനിടെ ലോകായുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെ.ടി ജലീലിന് മന്ത്രി സ്ഥാനം രാജി വെക്കേണ്ടിവന്നത്. ഓർഡിനൻസിന് പകരമുള്ള ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പു വെക്കാൻ വിസമ്മതിച്ചതോടെ നിലവിലെ ലോകയുക്തയിലെ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെട്ടു. എങ്കിലും ലോകായുക്ത വിധി പറയാതെ മാറിനിൽക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പോലീസുകാരന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ക്കു പുറമെ 20 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന അന്തരിച്ച കെ.കെ രാമചന്ദ്രന്‍നായരുടെ മകന് എന്‍ജിനീയറായി ജോലിക്കു പുറമെ സ്വര്‍ണ്ണ-വാഹന വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 9 ലക്ഷം രൂപയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അനുവദിച്ച അഴിമതിയാണ് ലോകായുക്തയുടെ മുമ്പിലെത്തിയത്. യാതൊരു പരിശോധനയും മന്ത്രിസഭാ കുറിപ്പും കൂടാതെ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നും തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരിൽ നിന്ന്  ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. സർക്കാരിന് വേണ്ടി അറ്റോണി ടി.എ ഷാജിയും ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമാണ് ലോകായുക്തയിൽ ഹാജരായിരുന്നത്.