തൃശൂർ ചാവക്കാട് കോൺഗ്രസ് നേതാവ് പുന്ന നൗഷാദ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. നൗഷാദിനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംഘം പിടിയിലായെങ്കിലും ഗൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണ്.
വർഗീയ ശക്തികളുടെ ഒടുങ്ങാത്ത പകയുടെ വാൾത്തലപ്പുകളിൽ പിടഞ്ഞില്ലാതായത് ഒരു നാടിന്‍റെയാകെ പ്രതീക്ഷയായിരുന്ന നേതാവാണ്. യുവാക്കളെ മതേതര ജനാധിപത്യ ചേരിയുടെ മൂവർണ്ണക്കൊടി തണലിൽ ചേർത്തുനിർത്തി നൗഷാദ് മുന്നോട്ട് നയിച്ചു. ആ സംഘടനാ പാടവമാണ് എസ്.ഡി.പി.ഐ യുടെ കണ്ണിലെ കരടായി നൗഷാദിനെ മാറ്റിയത്.
അണിയറയിൽ ആസൂത്രണങ്ങൾ ഒരുപാട് നടന്നു. ഒടുവിൽ 2019 ജൂലൈ 30 ന് കൊലയാളി സംഘം തെരുവിലിറങ്ങി. വൈകിട്ട് 6.30 ന് 15 പേർ 7 ബൈക്കുകളിലെത്തി നൗഷാദ് ഉൾപ്പെടെ നാലുപേരെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ജൂലൈ 31 ന് നൗഷാദ് മരിച്ചു. കേസിൽ മുഖ്യപ്രതി പോപ്പുലർ ഫ്രണ്ട്- എസ്.ഡി.പി.ഐ നേതാവ് കാരി ഷാജിയടക്കം 13 പേർ അറസ്റ്റിലായി. എന്നാൽ കേസിന്‍റെ വഴികളിൽ സി.പി.എം-എസ്.ഡി.പി.ഐ ഒത്തുകളി വ്യക്തമായി. അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം മാറ്റി. പ്രതികളെല്ലാം ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു.
പുന്ന നൗഷാദിന്‍റെ ഓർമകൾക്ക് ഒരു വയസ് തികയുമ്പോൾ വർഗീയതയ്ക്ക് എതിരായ പോരാട്ടം കോൺഗ്രസ് കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടു പോവുകയാണ്. ആ പോരാട്ട വീഥികളിലെ ജ്വലിക്കുന്ന സ്മരണയാണ് നൗഷാദിന്‍റെ രക്തസാക്ഷിത്വം.