ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയത്തെ സൈനിക ഓപ്പറേഷനോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ‘ഒരു ക്രിക്കറ്റ് മത്സരത്തെ യുദ്ധക്കളത്തോട് താരതമ്യം ചെയ്യുന്നത് ശരിയല്ല’ എന്ന് എഐസിസി മാധ്യമ വിഭാഗം മേധാവി പവന്‍ ഖേര കുറ്റപ്പെടുത്തി. ‘കളിക്കളത്തിലെ ഓപ്പറേഷന്‍സിന്ദൂര്‍. ഫലം ഒന്നുതന്നെ ഇന്ത്യ ജയിച്ചു! നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍,’ എന്നായിരുന്നു മോദി സമൂഹ മാധ്യമത്തില്‍ കുറിച്ചത്. മോദിയുടെ ഈ താരതമ്യത്തിനാണ് പവന്‍ ഖേര മറുപടി നല്‍കിയത്.
വിജയത്തോട് അടുക്കുമ്പോള്‍, ഒരു മൂന്നാം അമ്പയറുടെ നിര്‍ദ്ദേശപ്രകാരം നല്ല ക്യാപ്റ്റന്‍മാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാറില്ല എന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് നിങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം മോദിയെ ഓര്‍മിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പാകിസ്ഥാനില്‍ നിന്നുള്ള അതിര്‍ത്തി കടന്ന ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ ബി.ജെ.പി. സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഭീകരവാദികളെ ലക്ഷ്യമിട്ട് ലൈന്‍ ഓഫ് കണ്‍ട്രോളിന് അപ്പുറത്തേക്ക് ഇന്ത്യ നടത്തിയ ഒരു പ്രധാന സൈനിക ഓപ്പറേഷനായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ക്രിക്കറ്റ് വിജയത്തെ ഈ സൈനിക നടപടിയുമായി ഉപമിച്ചതിലൂടെ കായികരംഗത്തെ ഇന്ത്യയുടെ മികവിനെയും ദേശീയ സുരക്ഷാ വിഷയങ്ങളിലെ ശക്തമായ നിലപാടിനെയും പ്രധാനമന്ത്രി ബന്ധിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
ഒമ്പതാം ഏഷ്യാ കപ്പ് കിരീടം ഉറപ്പിച്ചുകൊണ്ട് ഇന്ത്യ നേടിയ തകര്‍പ്പന്‍ വിജയം രാജ്യം ആഘോഷിച്ചെങ്കിലും, മോദിയുടെ പരാമര്‍ശങ്ങള്‍ കായിക വിജയങ്ങളെ സൈനിക ഭാഷയുമായി കൂട്ടിക്കലര്‍ത്തുന്നതിന്റെ ഉചിതത്വത്തെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പ്രത്യേകിച്ചും ഇന്ത്യ-പാക് ബന്ധങ്ങളിലെ നിലവിലെ സാഹചര്യവും ഓപ്പറേഷന്‍ സിന്ദൂറിന്റെ വൈകാരിക പ്രാധാന്യവും കണക്കിലെടുക്കുമ്പോള്‍.