തിരുവനന്തപുരത്ത് മരിച്ച വൈദികന് കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്നത് അജ്ഞാതം; സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നതും ആശങ്കയാവുന്നു

Jaihind News Bureau
Wednesday, June 3, 2020

തിരുവനന്തപുരം: സമ്പർക്കം വഴിയും ഉറവിടം കണ്ടെത്താൻ കഴിയാതെയും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയോടെ സർക്കാർ. ഇന്നലെ മാത്രം 12 പേർക്കാണ് സമ്പർക്കം വഴി രോഗബാധ സ്ഥിരീകരിച്ചത്. ഇന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച വൈദികന് എവിടെ നിന്നാണ് കൊവിഡ് പിടിപെട്ടതെന്ന് അജ്ഞാതമായി തുടരുന്നു. നേരത്തെ പോത്തൻകോട് മരിച്ച രോഗിക്കും രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമായിരുന്നില്ല.

ഇന്നലെ മരിച്ച വൈദികൻ 43 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 20ന് നാലാഞ്ചിറ വെച്ചാണ് ഫാ. കെ.ജി വർഗീസിന് അപകടമുണ്ടാകുന്നത്. ലിഫ്റ്റ് നല്‍കിയ ബൈക്കില്‍ യാത്ര ചെയ്യവെ താഴെ വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ബൈക്ക് യാത്രക്കാരൻ നിർത്താതെ പോയി. കഴിഞ്ഞ മാസം 20 വരെ മെഡിക്കൽ കോളേജിലും 10 ദിവസം പേരൂർക്കട സർക്കാർ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പേരൂർക്കട ആശുപത്രിയിൽ ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധിപേർ ഇദ്ദേഹത്തെ കാണാനെത്തിയിരുന്നു. ശ്വാസതടസത്തെത്തുടർന്ന് മെയ് 31 നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ശ്വാസതടസം കണ്ടതിനെ തുടർന്നാണ് സ്രവം പരിശോധനക്ക് അയച്ചത്. ഫലം വരുന്നതിന് മുൻപ് വൈദികൻ മരിച്ചു. വൈദികന്‍റെ അടുത്ത ബന്ധുക്കളെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. വൈദികന്‍റെ മരണം അറിയിക്കാന്‍ അടുത്ത ബന്ധു മണ്ണന്തല പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. രോഗിയുടെ സമ്പർക്കപട്ടിക തയാറാക്കുന്നത് വെല്ലുവിളിയാവുകയാണ്. യാത്ര ചെയ്തിട്ടില്ല. മറ്റുള്ളവരുമായി അടുത്ത സമ്പർക്കവുമുണ്ടായിട്ടില്ല. ആശുപത്രിയിൽ ഇത്രയേറെ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിട്ടും രോഗം പടർന്നത് എങ്ങനെയെന്ന ചോദ്യവും ആരോഗ്യവകുപ്പിനു മുന്നിലുണ്ട്. നേരത്തെ കൊവിഡ് പിടിപെട്ട് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിന്‍റെയും രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനായിരുന്നില്ല.

സമൂഹവ്യാപനം ഇല്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറയുമ്പോഴും ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മേയ് 10 ന് ശേഷമുള്ള കണക്ക് അനുസരിച്ച് 906 രോഗികളിൽ 83 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവരിലും അവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുണ്ട്.