കൊല്ലം/ചാത്തന്നൂര്‍: വ്യക്തികളും രാജ്യങ്ങളും ഒന്നാമതാവുകയല്ല സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണ് പ്രധാനമെന്ന് രാഹുല്‍ ഗാന്ധി. പല കാര്യങ്ങളിലും എന്ന പോലെ ജയില്‍വാസം അനുഭവിക്കുന്നവരുടെ എണ്ണത്തിലും വെടിവെപ്പിലും അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഒന്നാം സ്ഥാനത്താണ്. പല കാര്യങ്ങളിലും പിന്നാക്കം ആണെങ്കിലും വിവിധതലങ്ങളില്‍ ഇന്ത്യ ഒന്നാമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരത് ജോഡോ യാത്ര നയിച്ച് കൊല്ലം ജില്ലയില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി എംപയര്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംവാദം നടത്തുകയായിരുന്നു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് സരസവും കൃത്യവുമായ മറുപടികളാണ് രാഹുല്‍ ഗാന്ധി നല്‍കിയത്.
ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്താണെന്ന് ആയിരുന്നു ഒമ്പതാം ക്ലാസുകാരനായ നിര്‍മ്മലിന്‍റെ ആദ്യ ചോദ്യം.
വൈവിധ്യപൂര്‍ണ്ണമായ ജീവിതസാഹചര്യങ്ങളിലും നിലവാരത്തിലുമുള്ള ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം എന്നായിരുന്നു മറുപടി. ഭാഷ, മതം, സംസ്‌കാരം തുടങ്ങിയ വൈവിധ്യങ്ങളില്‍ കലഹിക്കുകയും പോരടിക്കുകയും ചെയ്യുന്നത് കൊണ്ട് നാം കൂടുതല്‍ ദുര്‍ബലപ്പെടും. എന്നാല്‍ പരസ്പര സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലുമുള്ള ജീവിതത്തിലൂടെ സമൂഹവും രാജ്യവും ശക്തിപ്പെടും. അത്തരമൊരു രാഷ്ട്ര നിര്‍മാണമാണ് ഈ പദയാത്ര ലക്ഷ്യം വെക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട് തനിക്ക് മതിപ്പില്ലെന്ന് അലിയ അനസിന്‍റെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. 25 വര്‍ഷം മുന്‍പ് താന്‍ പഠിച്ച പാഠങ്ങള്‍ തന്നെയാണ് ഇപ്പോള്‍ തന്‍റെ സഹോദരിയുടെ മക്കള്‍ പഠിക്കുന്നതും അവരെ പഠിപ്പിക്കുന്നതും. അന്നത്തേതില്‍ നിന്ന് ലോകം ഒരുപാട് മാറി. പഠന സമ്പ്രദായങ്ങളും മാറി. എന്നാല്‍ ഈ മാറ്റം നമ്മുടെ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ആന്‍മരിയ, സഞ്ജയ്, ഹയഹഫ്‌സല്‍, മുഹമ്മദ് നബീല്‍, കീര്‍ത്തന തുടങ്ങിയ കുട്ടികളാണ് ചോദ്യങ്ങള്‍കൊണ്ട് രാഹുലിനെ പൊതിഞ്ഞത്. ഓരോ ചോദ്യത്തിനും മറുപടിയും സംശയം തീര്‍ക്കാന്‍ മറുചോദ്യവും ഉന്നയിച്ച് രാഹുലും സംവാദം അർത്ഥപൂർണ്ണമാക്കി. കേരളത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് അത് നാവില്‍ നിന്നല്,ല ഹൃദയത്തില്‍ നിന്നാണ് പ്രകടിപ്പിക്കുന്നതെന്നായിരുന്നു മറുപടി. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടക്കുമ്പോള്‍ തന്നെ സാംസ്‌കാരികമായ വൈരുദ്ധ്യം കാണാനായി. പക്ഷേ പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചുമുള്ള നിങ്ങളുടെ ഐക്യപ്പെടല്‍ തന്നെ വിസ്മയിപ്പിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ക്ലാസിക്കല്‍ നൃത്തത്തില്‍ അഞ്ച് ലോക റെക്കോര്‍ഡ് നേടിയിട്ടുള്ള കൊല്ലം എസ്.എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ ലക്ഷ്മണ്‍ രാജിന്‍റെ ഭരതനാട്യവും ആസ്വദിച്ചാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.സി വിഷ്ണുനാഥ് എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു.എല്‍സ സാബു സ്വാഗതം പറഞ്ഞു.