നാളത്തെ നഗരസഭാ കൗൺസിലിൽ മേയർ അധ്യക്ഷത വഹിക്കുന്നത് ചട്ടവിരുദ്ധം; കത്ത് നല്‍കി യുഡിഎഫ്

Jaihind Webdesk
Friday, November 18, 2022

തിരുവനന്തപുരം: കത്ത് വിവാദത്തിനിടെ നാളെ ചേരുന്ന തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ മേയർ അധ്യക്ഷത വഹിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ കത്ത് നൽകി. മേയർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം ചർച്ച ചെയ്യാന്‍ വിളിച്ചുചേർക്കുന്ന കൗൺസിൽ യോഗത്തിൽ മേയർ അധ്യക്ഷത വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് കത്ത് നൽകിയിരിക്കുന്നത്. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നിൽ ഇന്നും യുഡിഎഫിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും വിവിധ പ്രതിഷേധ സമരങ്ങൾ നടന്നു.

കേരള മുൻസിപ്പാലിറ്റി ആക്ട് 39 നാലാം അനുഛേദ പ്രകാരം ആരോപണ വിധേയയായ മേയർ തന്നിക്കെതിരെയുള്ള പരാതി ചർച്ച ചെയ്യുന്ന സന്ദർഭങ്ങളിൽ അധ്യക്ഷത വഹിക്കുവാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് കത്ത് നൽകിയിരിക്കുന്നത്. മേയർക്ക് പകരം ഡെപ്യൂട്ടി മേയർ അധ്യക്ഷത വഹിക്കണമെന്ന് ആവശ്യമാണ് യുഡിഎഫ് മുന്നോട്ടുവെച്ചിരിക്കുന്നത്. യുഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡർ പി പദ്മകുമാറാണ് കത്ത് നൽകിയത്. നാളത്തെ കൗൺസിൽ യോഗത്തിൽ ഒരു കാരണവശാലും മേയറെ അധ്യക്ഷത വഹിക്കാൻ അനുവദിക്കില്ലെന്ന്
നഗരസഭയ്ക്ക് മുന്നിൽ തുടരുന്ന സത്യഗ്രഹ സമരത്തിൽ സംസാരിച്ച എം വിൻസന്‍റ് എംഎൽഎയും വ്യക്തമാക്കി. മേയറുടെ ചിത്രമുള്ള മുഖം മൂടി ധരിച്ച് കോർപ്പറേഷൻ മന്ദിരത്തിനുള്ളില്‍ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധമുയർത്തി

നഗരസഭയ്ക്ക് മുന്നിൽ യുഡിഎഫ് നടത്തുന്ന അനിശ്ചിത കാല പ്രക്ഷോഭത്തിൽ ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അണിചേർന്നു. യൂത്ത് കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിൽ പകൽ പന്തം കൊളുത്തി പ്രകടനം നടത്തി.
മേയർ രാജിവെക്കുന്നതുവരെ ശക്തമായി സമരം തുടരാനാണ് യൂത്ത് കോൺഗ്രസിന്റേയും യുഡിഎഫിന്‍റെയും തീരുമാനം. സമരം സംസ്ഥാന വ്യാപകമാക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.