ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന

Saturday, March 9, 2024

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന. മാർച്ച് 15 നുള്ളിൽ പ്രഖ്യാപനം ഉണ്ടായേക്കും. സംസ്ഥാനങ്ങളിലെ സന്ദർശനത്തിന് പിന്നാലെ വിവിധ മന്ത്രാലയങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തി. സുരക്ഷാ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവുമായും ഉദ്യോഗസ്ഥരുടെ യാത്ര, സാധനസാമഗ്രികളുടെ നീക്കം എന്നിവ സംബന്ധിച്ച് റെയിൽവേ മന്ത്രാലയവുമായും ചർച്ച നടത്തി.

2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടുകൂടി ഉണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നത്. രണ്ടാം മോദി സർക്കാരിന്‍റെ അവസാന കേന്ദ്ര മന്ത്രിസഭായോ​ഗം മാർച്ച് 12-ന് ചേരും. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താന്‍ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഒരുക്കങ്ങളും ‌വിലയിരുത്താനായി അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ചേർന്ന് ജമ്മു-കശ്മീർ സന്ദർശിക്കും. ഇതിന് ശേഷം സമ്പൂർണ യോ​ഗം ചേർന്നാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ സുരക്ഷയ്ക്കായി 3400 കേന്ദ്രസേനയെ വിന്യസിക്കും. ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം​ഗീകരിച്ചു. അതേസമയം രാഷ്ട്രീയപ്പാർട്ടികൾ വോട്ട് തേടുമ്പോൾ ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആകരുത് എന്നുള്ള പുതിയ നിർദ്ദേശം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
ദൈവങ്ങളെയോ ഭക്തിയെയോ അപമാനിക്കരുത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും താരപ്രചാരകർക്കും കമ്മീഷൻ മുന്നറിയിപ്പും നൽകി കഴിഞ്ഞു.