കോഴിക്കോട് ആനയാംകുന്ന് സ്കൂളില്‍ പടർന്നുപിടിച്ചത് H1N1 ആണെന്ന് സ്ഥിരീകരണം

കോഴിക്കോട് കാരശേരിയിലെ ആനയാംകുന്ന് ഹയർ സെക്കന്‍ററി സ്കൂളില്‍ പടര്‍ന്നുപിടിച്ചത് H1 N1 ആണെന്ന് സ്ഥിരീകരണം.  മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് H1N1സ്ഥിരീകരിച്ചത്.  4 പേരുടെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 216 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് ഹയർ സെക്കന്‍ററി സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് വ്യാപകമായി പനി പടർന്നു പിടിച്ചത്.  പനി വ്യാപകമായതിനെ തുടർന്നു വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരിക്കുന്നു.  ഇതില്‍ നാല് പേരുടെ പരിശോധനാ ഫലത്തിലാണ് H1N1 സ്ഥിരീകരിച്ചത്.

ജനുവരി 3 നാണ് ആദ്യം പനി സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. അടുത്ത ദിവസവും കൂടുതൽ വിദ്യാർത്ഥികൾ അവധിയിലായതോടെ സ്കൂൾ അധികൃതർ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. 3 വിദ്യാർത്ഥികളുടേയും ഒരു അധ്യാപകന്‍റെയും രക്തസാമ്പിൾ കോഴിക്കോട് ബീച്ചാശുപത്രിയിൽ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി മണിപ്പാലിലേക്ക് അയക്കുകയായിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡി.എം.ഒ വ്യക്തമാക്കിയിട്ടുണ്ട്.

H1N1
Comments (0)
Add Comment