‘കലാകാരന്മാരുടെ ജിവിതപ്രശ്നം കൂടിയാണ്, ഓണാഘോഷ നിയന്ത്രണം നീക്കണം’; മുഖ്യമന്ത്രിക്ക് കത്തു നല്‍കി പി.സി. വിഷ്ണുനാഥ് എംഎൽഎ

Jaihind Webdesk
Tuesday, August 20, 2024

 

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുമെന്നും അവരുടെ പ്രയാസം കണക്കിലെടുത്ത് ഓണാഘോഷ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും പി.സി. വിഷ്ണുനാഥ് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ആഡംബരവും ധൂർത്തും ഒഴിവാക്കി ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങൾ അടങ്ങുന്ന വയനാട്ടിലെ ആയിരക്കണക്കിന് മനുഷ്യരെയും അവരുടെ ആവാസ വ്യവസ്ഥയെയും ബാധിച്ച മഹാ ദുരന്തം ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്. ദുരന്തത്തിൽ അവിടുത്തെ ജനങ്ങളോടും പ്രദേശങ്ങളോടും മലയാളികൾ എന്ന നിലയിൽ എല്ലാവരും ചേർന്നു നിൽക്കുകയാണ്. ദുരന്തബാധിതരുടെ ജീവിതം വീണ്ടെടുക്കാൻ ആവശ്യമായ കർമ്മപരിപാടികൾ ഒരുമിച്ച് ആവിഷ്കരിക്കുമ്പോൾ തന്നെ, ആ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുമെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

നാടകപ്രവർത്തകർ, സ്റ്റേജ് കലാ പ്രവർത്തകർ, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ചെറുകിട കാർഷിക മേഖല ഇങ്ങനെ നിരവധി പേർ ഓണം, ക്രിസ്തുമസ് പോലെയുള്ള ആഘോഷ സീസണുകളെ ആശ്രയിച്ച് ആ വർഷം ജീവിക്കാൻ ആവശ്യമായ വരുമാനം കണ്ടെത്തുന്നവരാണ്. അവർക്ക് മറ്റു മാസങ്ങളിലെ വരുമാനം കൊണ്ട് ഈ ഘട്ടത്തിലുണ്ടാവുന്ന വരുമാന നഷ്ടം നികത്താൻ സാധിക്കില്ല. ആഘോഷങ്ങൾ ഒഴിവാക്കുമ്പോൾ ഓണം വിപണികളെ അത് ബാധിക്കും. അങ്ങനെയുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം ദുരിതപൂർണമാവാൻ കാരണമാവുകയും ചെയ്യും. 2018-ൽ മഹാപ്രളയം ഉണ്ടായതിന്‍റെയും 2019-ൽ വടക്കൻ കേരളത്തിലുണ്ടായ പ്രളയത്തിന്‍റെയും 2020, 21 കാലയളവിൽ കൊവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തിൽ കലാപ്രവർത്തകരും ചെറുകിട കച്ചവടക്കാരും ഉൾപ്പടെയുള്ളവരുടെ ജീവിതം നിലയിൽ സ്തംഭിച്ചു പോയിരുന്നു.

തങ്ങൾക്കാവും വിധം വയനാടിനൊപ്പം നിൽക്കാൻ അവരെ സംബന്ധിച്ചും ഈ സീസണിലെ വരുമാനം ആവശ്യമാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ച് വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആഡംബരങ്ങൾ ഒഴിവാക്കിക്കൊണ്ട് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് പി.സി. വിഷ്ണുനാഥ് കത്തിൽ ആവശ്യപ്പെട്ടു