ട്രിപ്പിള്‍ ലോക്ക്ഡൗണിലും രോഗവ്യാപനം തടയാനാകാഞ്ഞത് നാണക്കേട് ; കൊവിഡ് പ്രതിരോധത്തിലെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ് വ്യാപനം തടയാന്‍ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് സംസ്ഥാനത്തിന് ആകമാനം നാണക്കേട് ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രൻ ടെക്സ്റ്റൈൽസ് പാസില്ലാതെ തമിഴ്നാട്ടിൽനിന്ന് സ്റ്റാഫുകളെ കൊണ്ടുവരുന്നതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നു. ജൂലൈ 16 ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജൂൺ മാസത്തിൽ തന്നെ പാസ് ഇല്ലാതെ തമിഴ്നാട്ടിൽനിന്നും ആളുകളെ രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സ്  കൊണ്ടുവന്നതായി ഇന്‍റലിജൻസ് വിഭാഗം ജില്ലാഭരണകൂടത്തെയും പൊലീസിനെയും അറിയിച്ചിരുന്നു. എന്നിട്ടും ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടായതായി മുഖ്യമന്ത്രി തുറന്നുസമ്മതിക്കുന്നു. പ്രശ്നം ആവർത്തിക്കാതിരിക്കാൻ ആഭ്യന്തര വകുപ്പ് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാമചന്ദ്രനിലെ 78 ജീവനക്കാർക്കാണ് കൊവിഡ് പോസിറ്റീവായത്. 1600 പേർ ഇവിടെ സാധനങ്ങൾ വാങ്ങാനെത്തിയതായാണ് സർക്കാർ കണക്ക്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാൽ രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സിന്‍റെയും പോത്തീസിന്‍റെയും ലൈസൻസ് ഇന്ന് നഗരസഭ റദ്ദാക്കിയിരുന്നു. നിലവില്‍ ജീവനക്കാർക്ക് മാത്രമാണ് ടെസ്റ്റുകള്‍ നടത്തിയിരിക്കുന്നത്. അവിടെയെത്തിയ ആളുകളെക്കൂടി പരിഗണിക്കുമ്പോള്‍ സംഭവത്തിന്‍റെ ഗൌരവം ബോധ്യപ്പെടുമെന്നും മുഖ്യമന്ത്രി പറയുന്നു.  ഏറ്റവും കൂടുതൽ ആളുകൾ വരുന്ന സ്ഥലത്ത് ഒരു നിയന്ത്രണവുമില്ലാതെ ടെക്സ്റ്റൈൽ ഷോപ്പ് എങ്ങനെ പ്രവർത്തിച്ചുവെന്ന് പരിശോധിക്കണമെന്നും ഇത് ആവർത്തിക്കാതിരിക്കാൻ ആഭ്യന്തര, തദ്ദേശ വകുപ്പുകൾ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

CM Pinarayi VijayanThiruvananthapuramCovid 19triple lockdown
Comments (0)
Add Comment