നയപ്രഖ്യാപനത്തില്‍ കേന്ദ്രവിമര്‍ശനം ഒഴിവാക്കിയത് സിപിഎം-ബിജെപി ഒത്തുതീര്‍പ്പ്; സാമ്പത്തിക സ്ഥിതി ഭദ്രമെന്നത് ചിരിപ്പിക്കുന്ന പ്രസ്താവന

Jaihind Webdesk
Monday, January 23, 2023

 

തിരുവനന്തപുരം: ആര്‍എസ്എസ് ഏജന്‍റെന്ന് സിപിഎം ആക്ഷേപിച്ച ഗവര്‍ണറുമായി മുഖ്യമന്ത്രി നടത്തിയ ഒത്തുതീര്‍പ്പിന്‍റെ പ്രതിഫലനമായിരുന്നു നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുരപ്പുറത്ത് കയറിയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ വിമര്‍ശിച്ചത്. ഒത്തുതീര്‍പ്പിന്‍റെ ഭാഗമായാണ് കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കിയുള്ള നയപ്രഖ്യാപനം ഗവര്‍ണറെക്കൊണ്ട് വായിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക സ്ഥിതി ഭദ്രം എന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍റെ കുടിശിക 400 കോടി രൂപയാണ്. ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. നെല്ല് സംഭരണ കുടിശിക 200 കോടിയാണ്. കുട്ടികള്‍ക്കുള്ള സ്‌നേഹപൂര്‍വം, സമാശ്വാസ പദ്ധതികള്‍ മുടങ്ങി. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഗവര്‍ണറെക്കൊണ്ട് ആവര്‍ത്തിച്ച് പറയിച്ച നവകേരളം പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ 1600 കോടി നീക്കി വച്ചിട്ടും ചെലവാക്കിയത് 48 കോടി മാത്രമാണ്.

ശമ്പളം പോലും നല്‍കാനാകാതെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും സ്തംഭിച്ച അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. എന്നിട്ടും സാമ്പത്തിക നില ഭദ്രമാണെന്നാണ് നയപ്രഖ്യാപനത്തില്‍ പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നല്ല പോലീസാണ് കേരളത്തിലേതെന്നാണ് നയപ്രഖ്യാപനത്തില്‍ പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും മോശം പോലീസാണ് കേരളത്തിലേതെന്നതാണ് യാഥാര്‍ത്ഥ്യം. മയക്കുമരുന്ന് ഗുണ്ടാ മാഫിയകള്‍ക്ക് സംരക്ഷണം നല്‍കുന്നത് പോലീസും സിപിഎം നേതാക്കളുമാണെന്ന പ്രതിപക്ഷ ആക്ഷേപം ശരിവെക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ഭൂരിപക്ഷ- ന്യൂനപക്ഷ തീവ്രവാദികളും സേനയില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വഷളായ സ്ഥിതിയില്‍ നില്‍ക്കുമ്പോഴാണ് ഏറ്റവും മികച്ച പോലീസാണെന്ന് പറഞ്ഞത്. സെക്രട്ടേറിയറ്റില്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സര്‍ക്കാരാണ് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലം മുതല്‍ കോടികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ 500 കോടി പോലും തീരപ്രദേശത്തെ ചെലവഴിച്ചിട്ടില്ല. ദിശാബോധം സര്‍ക്കാരിന് ഉണ്ടെന്ന് തോന്നുന്ന ഒന്നും ഈ നയപ്രഖ്യാപന പ്രസംഗത്തിലില്ല. ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ അവതരിപ്പിച്ചത്. സില്‍വര്‍ ലൈന്‍ സജീവ പരിഗണനയിലാണെന്നാണ് പറയുന്നത്. കേന്ദ്രാനുമതികള്‍ ലഭിച്ചാലും കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് അനുവദിക്കില്ല. ബിജെപി- സിപിഎം ബന്ധമാണ് നയപ്രഖ്യാപനത്തില്‍ പ്രതിഫലിച്ചത്.

പിഎഫ്ഐ ജപ്തിയുടെ മറവില്‍ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇതിനെതിരെയാണ് മുസ്‌ലിം ലീഗ് പറഞ്ഞത്. ഇക്കാര്യം യു.ഡി.എഫ് ഗൗരവമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.