മുട്ടത്തറയില്‍ കണ്ടെടുത്ത കാലുകള്‍ കന്യാകുമാരിയിലെ ഗുണ്ടാനേതാവിന്‍റേത് തന്നെ; സ്ഥിരീകരിച്ച് പരിശോധനാഫലം

Saturday, October 22, 2022

 

തിരുവനന്തപുരം: വലിയതുറയിൽ കൊല്ലപ്പെട്ടത് പീറ്റർ കനിഷ്കർ എന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാ ഫലത്തെ തുടർന്നാണ് സ്ഥിരീകരണം. ഗുണ്ടാപകയെ തുടർന്ന് ഓഗസ്റ്റ് 13നായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം ശരീരം പല കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ വലിയതുറ സ്വദേശികളായ മനു രമേശ്‌, ഷെഹിൻഷാ എന്നിവരെ വലിയതുറ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. മുട്ടത്തറയിലെ സ്വീവേജ് പ്ലാന്‍റിൽ നിന്ന് കാലുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  പ്രതികളെ പിടികൂടിയത്.

ഓഗസ്റ്റ് 14ന് സ്വീവേജ് പ്ലാന്‍റിൽ ശരീരാവശിഷ്ടം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സ്വീവേജ് പ്ലാന്‍റിൽ നിന്ന് രണ്ട് കാലുകളാണ് കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വലിയതുറ സ്വദേശികളായ മനു രമേശിനെയും ഷെഹിൻ ഷായേയും കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ മനു രമേശ്‌ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാപ്പകയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസിലെ അന്തർ സംസ്ഥാന ബന്ധവും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസം പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ മുട്ടത്തറ പാലത്തിനടിയിൽ നിന്ന് കൊല്ലപ്പെട്ട കനിഷ്കറിന്‍റെ അര വരെയുള്ള ഭാഗം കണ്ടെത്തി. പിന്നീട് മുട്ടത്തറ ബംഗ്ലാദേശ് കോളനിയിലെ മനു രമേശിന്‍റെ വീട്ടിലെത്തി തെളിവെടുപ്പ്. തെളിവെടുപ്പിൽ വീട്ടിൽ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകി.  കൊല്ലപ്പെട്ട കനിഷ്കറിന്‍റെ മറ്റ് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തേണ്ടതുണ്ട്. അതിനായി പ്രതികളുമായുള്ള തെളിവെടുപ്പ് തുടരും.