തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടികയിലെ വിവിധ അപാകതകള്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചു. വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
തീരദേശ മേഖലയില്‍ ഉള്‍പ്പെടെ ഒട്ടനവധി വോട്ടുകള്‍ നഷ്ടപ്പെട്ടത്, ഇരട്ട വോട്ടുകള്‍, വോട്ടര്‍ പട്ടികയില്‍ എസ്ഇസി നമ്പര്‍ നല്‍കിയത് മൂലമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
മുരളീധരനൊപ്പം എന്‍. ശക്തന്‍, കെ.എസ്. ശബരീനാഥന്‍ എന്നിവരടക്കമുള്ള നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 25-ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് കമ്മീഷന്‍ ഉറപ്പുനല്‍കിയതായി നേതാക്കള്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു.
എന്നാല്‍, വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് തങ്ങള്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയിലെ വീഴ്ചകള്‍ ഗൗരവകരമാണെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്.