രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന മുഹൂർത്തം അടുക്കവെ ശുഭപ്രതീക്ഷ പങ്കുവെച്ച് ഐ.എസ്.ആർ.ഒയുടെ ട്വിറ്റർ സന്ദേശം. ചന്ദ്രയാന്‍-2 ദൗത്യത്തിന് ആശംസ അറിയിക്കുന്നതാണ് ട്വീറ്റ്. വിക്രം ലാന്‍ഡറും ഓർബിറ്ററും തമ്മിലുള്ള സംഭാഷണം പങ്കുവെച്ചുള്ള ഐ.എസ്.ആർ.ഒയുടെ കാർട്ടൂണ്‍ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
‘ നീയുമൊത്തുള്ള യാത്ര മനോഹരമായിരുന്നു വിക്രം… നീ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു… എല്ലാവിധ ആശംസകളും… ‘ – ഓർബിറ്റര്‍ പറയുന്നു.
‘തീർച്ചയായും അവിസ്മരണീയ യാത്രയായിരുന്നു അത്… ഇനി നിന്നെ ഭ്രമണപഥത്തില്‍ കണ്ടോളാം… ‘ – വിക്രം പ്രതികരിക്കുന്നു.
സോഫ്റ്റ് ലാന്ഡിംഗിനൊരുങ്ങുന്ന വിക്രം ലാന്‍ഡറിന്, ഓർബിറ്റര്‍ ആശംസകള്‍ നേരുന്ന തരത്തിലുള്ള സംഭാഷണമാണ് ഐ.എസ്.ആര്.ഒ ചിത്രീകരിച്ചിരിക്കുന്നത്. ഓർബിറ്ററിന്റെ അതേ ആശംസയാണ് ഞങ്ങള്‍ക്കും നേരാനുള്ളത് എന്ന കുറിപ്പോടെയാണ് ഐ.എസ്.ആർ.ഒ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ 1.53 നാണ് ചന്ദ്രയാൻ – 2 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് പ്രതീക്ഷിക്കുന്നത്. ചരിത്രദൗത്യത്തിനുള്ള അവസാനവട്ട തയാറെടുപ്പുകളിലാണ് ഐ.എസ്.ആർ.ഒ. ബംഗളുരുവിലെ പീനിയ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷൻ കോംപ്ലക്സ് എന്നിവിടങ്ങളിലാണ് ചന്ദ്രയാന്‍-2 വിന്റെ നിയന്ത്രണം. നാല് ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ഈ കേന്ദ്രത്തിലെത്തും. സന്ദേശങ്ങള്‍ വിശകലനം ചെയ്താണ് ബാക്കിയുള്ള പ്രവർത്തനങ്ങള്‍ നടപ്പിലാക്കുക.