എസ്എസ്എല്‍വി ഡി 2 ദൗത്യം വിജയം; അഭിമാന നേട്ടം

Jaihind Webdesk
Friday, February 10, 2023

ആന്ധ്രാപ്രദേശ്: രാജ്യത്തിന് അഭിമാനമായി ഐഎസ്ആര്‍ഒ രൂപം നല്‍കിയ ‘സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍’ (SSLV D2) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 9.18 നാണ് എസ്എസ്എൽവി – ഡി 2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. ഭൂപ്രതലത്തില്‍ നിന്ന് 450 കിലോ മീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ മൂന്ന് ഉപഗ്രഹങ്ങളെ എത്തിച്ചുകൊണ്ടാണ് ദൗത്യം വിജയം കണ്ടത്.

ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ് ആസ്ഥാനമായുള്ള അന്‍റാറിസ് നിർമിച്ച ജാനസ്–1, ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ തയാറാക്കിയ 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-2 എന്നിവയാണ് എസ്എസ്എൽവി 15.24 മിനിറ്റിനുള്ളിൽ ഭ്രമണപഥത്തിലെത്തിച്ചത്. ആദ്യ വിക്ഷേപണം പരാജയപ്പെട്ടതിനാൽ അതിസൂക്ഷ്മമായ പരിശോധനകൾ അടക്കം പൂർത്തിയാക്കിയാണ് റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ചത്.

വിവിധ സംസ്ഥാനങ്ങളിലെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികളുടെ കൂട്ടായ്മയിലാണ് ആസാദി സാറ്റ് പിറന്നത്. ആസാദി സാറ്റ് നിര്‍മ്മാണത്തിന് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പെയ്സ് കിഡ്സ് ഇന്ത്യ മേല്‍നോട്ടം വഹിച്ചു. എസ്എസ്എല്‍വി കൂടി വന്നതോടെ നിലവില്‍ ഐഎസ്ആര്‍ഒയുടെ വിക്ഷേപണവാഹനങ്ങളുടെ എണ്ണം മൂന്നായി. പിഎസ്എല്‍വിയും ജിഎസ്എല്‍വിയുമാണ് മറ്റ് രണ്ട് വിക്ഷേപണവാഹനങ്ങള്‍.

ചെറിയ ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കുന്നതിനുള്ളതാണ് എസ്എസ്എല്‍വി. 56 കോടി രൂപയാണ് എസ്എസ്എല്‍വിയുടെ നിര്‍മാണച്ചെലവ്. നിര്‍മ്മാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന ഈ വാഹനത്തിന്‍റെ സവിശേഷത. എസ്എസ്എൽവി – ഡി 2 വിജയം നിർണായകമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.