
ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ ചരിത്രത്തിൽ ഇതാദ്യമായി തുടർച്ചയായ രണ്ടാം തിരിച്ചടി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 10.17-ന് കുതിച്ചുയർന്ന പിഎസ്എൽവി-സി62 റോക്കറ്റാണ് വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ സാങ്കേതിക തകരാർ നേരിട്ടത്. 2025 മേയ് മാസത്തിൽ നടന്ന വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. ‘അന്വേഷ’ ഉപഗ്രഹം അടക്കം 16 പേലോഡുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ ഐഎസ്ആർഒ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
റോക്കറ്റിന്റെ മൂന്നാം ഭാഗം വേർപെട്ടതിന് പിന്നാലെയാണ് സാങ്കേതിക പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. ഇതോടെ റോക്കറ്റിന്റെ സഞ്ചാരപാത മാറിയതായും അദ്ദേഹം വ്യക്തമാക്കി. റോക്കറ്റിൽ നിന്നുള്ള ഡാറ്റകൾ നിലവിൽ വിശകലനം ചെയ്തു വരികയാണ്. കഴിഞ്ഞ വർഷം നടന്ന സി-61 വിക്ഷേപണത്തിലും സമാനമായ സാങ്കേതിക തകരാറാണ് സംഭവിച്ചത്. തുടർച്ചയായ പരാജയങ്ങൾ ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.