കുതിച്ചുയരാൻ പിഎസ്എല്‍വി; 2026-ലെ ആദ്യ ദൗത്യത്തിന് ഐഎസ്ആര്‍ഒ സജ്ജം

Jaihind News Bureau
Monday, January 12, 2026

2026-ലെ ഭാരതത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിന് ഐഎസ്ആര്‍ഒ സജ്ജമായിക്കഴിഞ്ഞു. ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്ത വാഹനമായ പിഎസ്എല്‍വിയുടെ 64-ാമത് വിക്ഷേപണമാണ് ഇന്ന് നടക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 10.17ന് പിഎസ്എല്‍വി-സി62 വിക്ഷേപിക്കും. 2025 മെയ് മാസത്തില്‍ പിഎസ്എല്‍വി-സി 61 പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ ദൗത്യമായതിനാല്‍ ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. മുന്‍പ് സംഭവിച്ച സാങ്കേതിക തകരാറുകള്‍ പരിഹരിച്ചാണ് പിഎസ്എല്‍വി-ഡിഎല്‍ എന്ന വകഭേദം കുതിച്ചുയരുന്നത്.

ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ‘അന്വേഷ’ എന്ന അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഈ ദൗത്യത്തിലെ പ്രധാന ആകര്‍ഷണം. ഒരു ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിംഗ് ഉപഗ്രഹമായ അന്വേഷ ഇന്ത്യയുടെ നിരീക്ഷണ ശേഷിക്ക് പുതിയ കരുത്തുപകരും. ഇതിന് പുറമെ യുകെ, ബ്രസീല്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചെറുകിട ഉപഗ്രഹങ്ങളും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പരീക്ഷണ പേലോഡുകളും ഈ ദൗത്യത്തിന്റെ ഭാഗമാണ്. ആകെ 15 പേലോഡുകളാണ് ഈ റോക്കറ്റിലുള്ളത്.

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ആഗോള കമ്പനികൾക്കും ഈ ദൗത്യത്തിൽ വലിയ പങ്കുണ്ട്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വിദ്യ പരീക്ഷിക്കുന്ന ‘ആയുൽസാറ്റ്’, ബഹിരാകാശത്തുനിന്ന് തിരികെ ഭൂമിയിലെത്തുന്ന സ്പാനിഷ് സ്റ്റാർട്ടപ്പിന്റെ ‘കിഡ്’ എന്നിവ ഇതിൽ പ്രധാനമാണ്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) ഒന്‍പതാമത് വാണിജ്യ ദൗത്യം കൂടിയാണിത്. വിക്ഷേപണം വിജയകരമാകുന്നതോടെ ബഹിരാകാശ വാണിജ്യ വിപണിയിൽ ഇന്ത്യയുടെ മേധാവിത്വം ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടും.