ഐഎസ്ആർഒ പുതുതായി നിർമ്മിച്ച സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വിക്ഷേപിച്ചു

Sunday, August 7, 2022

ചെന്നൈ: ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത ചെറു ഉപഗ്രഹ വിക്ഷേപണ പേടകം (സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍/എസ്എസ്എല്‍വി) വിക്ഷേപിച്ചു. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നാണ് എസ്എസ്എല്‍വി വിക്ഷേപിച്ചത്. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ളതാണ് എസ്എസ്എല്‍വി.

നിര്‍മ്മാണച്ചെലവ് വളരെ കുറവുള്ള എസ്എസ്എല്‍വി വിക്ഷേപണ സജ്ജമാക്കാന്‍ കുറച്ചു സമയം മതി. അതുകൊണ്ടുതന്നെ കൗണ്ട്ഡൗണ്‍ സമയം ആറര മണിക്കൂറായി കുറച്ചിരുന്നു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 02 നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്‌.

ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്ക് കൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്എസ്എല്‍വിക്ക് രൂപം നല്‍കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യസംരംഭകര്‍ക്ക് ഇതിന്‍റെ സേവനം ഉപയോഗപ്പെടുത്താനാവും. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ എന്‍എസ്ഐഎല്ലിനായിരിക്കും അതിന്‍റെ ചുമതല.