ഇസ്രയേൽ പൊതു തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് വിജയം. അതോടെ അഞ്ചാം തവണയും പ്രധാനമന്ത്രിപദത്തിലേയ്ക്കെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് അദ്ദേഹം. ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്നയാൾ എന്ന ഇസ്രയേലിന്‍റെ സ്ഥാപക പിതാവ് ഡേവിഡ് ബെൻ-ഗുർഷൻെറ നേട്ടമാണ് നെതന്യാഹു മറികടന്നത്.
120 അംഗ പാർലമന്റിൽ ഭൂരിപക്ഷം നേടാൻ 61 സീറ്റുകൾ വേണമെന്നിരിക്കെ 65 സീറ്റോടെയാണ് നെതന്യാഹുവിൻെറ ലിക്കുഡ് പാർട്ടി നേതൃത്വം നൽകുന്ന സഖ്യം അധികാരത്തിലെത്തുന്നത്. തങ്ങളുടേത് വലതുപക്ഷ സർക്കാർ ആയിരിക്കുമെങ്കിലും താൻ എല്ലാവർക്കുമുള്ള പ്രധാനമന്ത്രിയാണെന്ന് നെതന്യാഹു അണികളോട് പറഞ്ഞു. അഞ്ചാം തവണയും ഇസ്രായേൽ ജനത അവരുടെ വിശ്വാസത്തിന്‍റെ വോട്ട് തനിക്ക് നൽകിയതിനാല്‍ മുമ്പുള്ളതിനേക്കാള്‍ ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറെ അഴിമതി ആരോപണങ്ങൾ നേരിട്ട നെതന്യാഹുവിന് അതിജീവനത്തിന് വിജയം അത്യാവശ്യമായിരുന്നു. പൊതുതെരഞ്ഞെടുപ്പിൽ സാമാന്യം മെച്ചപ്പെട്ട പോളിങ് ഉണ്ടായിരുന്നപ്പോള്‍ നേടുന്ന വിജയം എന്നത് ജനങ്ങളുടെ വിശ്വാസത്തിന്‍റെ അടയാളമാണെന്നും രാഷ്ട്രത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്നത് തന്നെയാണ് ആത്മവിശ്വാസത്തിന് കാരണമെന്നും മുഴുവന്‍ ഇസ്രയേല്‍ ജനതയുടെയും പ്രധാനമന്ത്രിയായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് തുടങ്ങിയ പോളിങ് രാത്രി 10 മണിയ്ക്കാണ് അവസാനിച്ചു. 10,720 പോളിങ് സ്റ്റേഷനുകളാണ് രാജ്യത്ത് ഒരുക്കിയിരുന്നത്. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും അനധികൃത കുടിയേറ്റക്കാർ ഉൾപ്പെടെ 63 ലക്ഷം വോട്ടർമാരാണുള്ളത്.