സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധുക്കൾ. സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലോ സംസ്കാര ചടങ്ങുകൾക്കോ സർക്കാർ പ്രതിനിധികൾ ആരും എത്താതിരുന്നതാണ് കുടുംബം ആരോപണവുമായി രംഗത്തുവന്നത്. ജില്ലാ കളക്ടർ എത്തിയെങ്കിലും അത് ഗവർണറുടെ പ്രതിനിധിയായാണ് എത്തിയത്.
ഇസ്രായേലിൽ ഹാമാസിന്റെ മിസൈൽ ആക്രമണത്തിൽ കൊലചെയ്യപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരത്താനം സൗമ്യ സന്തോഷിന്റെ മരണം രാജ്യമൊട്ടാകെ ചർച്ചചെയ്യപ്പെട്ടപ്പോഴും സംസ്ഥാന സര്ക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് സൗമ്യയുടെ ഭർത്താവ് സന്തോഷ് സഹോദരി സോഫി എന്നിവർ പറഞ്ഞു.
മൃതദേഹം കേരളത്തിലെത്തിയപ്പോൾ ഏറ്റുവാങ്ങുന്നതിനോ തുടർന്ന് സംസ്കാര ചടങ്ങുകൾക്കിടെ എപ്പോഴെങ്കിലും വീട്ടിലെത്തി എത്തി ആദരവ് അറിയിക്കുവാനോ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്താതിരുന്നത് ഏറെ ദുഃഖകരമായി പോയെന്ന് ബന്ധുക്കൾ പറഞ്ഞു. സൗമ്യയുടെ മൃതദേഹം എത്തുന്നതിന് രണ്ടുദിവസം മുമ്പ് മന്ത്രി എം.എം മണിയും റോഷി അഗസ്റ്റിൻ എംഎൽഎയും ഇവിടെ എത്തിയിരുന്നു എന്നും മൃതദേഹം എത്തിയ ശേഷം അതോടനുബന്ധിച്ച് സർക്കാരിന്റെ പ്രതിനിധികളായി ആരും എത്തിയില്ല എന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് തികച്ചും അവഗണനയാണ് ഉണ്ടായത് എന്നും സന്തോഷിന്റെ സഹോദരി സോഫി പറയുന്നു. അതേസമയം ഇസ്രയേൽ പ്രസിഡന്റ് ഇന്ന് നേരിട്ട് ഫോണിൽ വിളിക്കുകയും കുടുംബത്തിന് തുടർന്നുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതായും ഇവർ പറഞ്ഞു.
കഴിഞ്ഞ പതിനൊന്നിനാണ് ഇസ്രായേലിലെ അഷ്ക്ക ലോണിൽ കെയർടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച ഡൽഹിയിൽ എത്തിച്ച മൃതദേഹം കേന്ദ്രമന്ത്രി വി മുരളീധരൻ ഏറ്റുവാങ്ങുകയും തുടർന്ന് നെടുമ്പാശേരിയിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസും പി.റ്റി തോമസ് എം.എൽഎയും ചേർന്ന് ഏറ്റുവാങ്ങി സൗമ്യയുടെ സ്വന്തം നാടായ കീരിത്തോട്ടിൽ എത്തിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്തിയിരുന്നില്ല. ജില്ലാ കളക്ടർ എത്തിയെങ്കിലും അത് ഗവർണറുടെ നിർദ്ദേശപ്രകാരമായിരുന്നു.