Donald Trump| ഇസ്രായേല്‍ ആക്രമണം: യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ട്രംപ്; വാദം നിഷേധിച്ച് ഖത്തര്‍

Jaihind News Bureau
Wednesday, September 10, 2025

ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് യു.എസ് ഖത്തറിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് യു.എസ് സൈനിക വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ച ഉടന്‍ തന്നെ, യു.എസ് സ്‌പെഷ്യല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്കോഫിനോട് ഖത്തറിനെ വിവരം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു എന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ആക്രമണം തടയാന്‍ അത് വൈകിപ്പോയിരുന്നു എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ ഒരു അടുത്ത സഖ്യകക്ഷിയാണെന്നും, സമാധാനശ്രമങ്ങളില്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ മാനിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറിന്റെ മണ്ണില്‍ ഇങ്ങനെയൊന്ന് ഇനി ആവര്‍ത്തിക്കില്ലെന്ന് ഖത്തര്‍ ഭരണാധികാരിക്ക് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജെദ് അല്‍ അന്‍സാരി വ്യക്തമാക്കി. ഒരു യു.എസ് ഉദ്യോഗസ്ഥന്റെ കോള്‍ ലഭിച്ചത് ദോഹയില്‍ സ്‌ഫോടനശബ്ദം കേള്‍ക്കുമ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു. അതായത്, ആക്രമണം തുടങ്ങിയ ശേഷമാണ് യു.എസ് അറിയിച്ചതെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ നടപടി ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണെന്നും, ഇതിനെതിരെ പ്രതികരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-താനി പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനയും ഖത്തറിന്റെ നിഷേധവും തമ്മില്‍ കാര്യമായ വൈരുദ്ധ്യമുണ്ട്. യു.എസ്-ഖത്തര്‍ ബന്ധം വളരെ പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ച് മധ്യേഷ്യയിലെ സമാധാന ചര്‍ച്ചകളില്‍ ഖത്തറിന്റെ പങ്ക് വലുതാണ്. കൂടാതെ, മേഖലയിലെ ഏറ്റവും വലിയ യു.എസ് സൈനിക താവളം ഖത്തറിലാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ അഭിപ്രായ വ്യത്യാസം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ യു.എസിന് വളരെ പരിമിതമായ വിവരങ്ങള്‍ മാത്രമാണ് നല്‍കിയത് എന്ന് ചില യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.