ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം; ദോഹയില്‍ സ്‌ഫോടനങ്ങള്‍; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ടുകള്‍

Jaihind News Bureau
Tuesday, September 9, 2025

 

ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണമാണിതെന്നാണ് സൂചന. ഇസ്രായേല്‍ പ്രതിരോധ സേന (IDF) ഹമാസ് ഭീകരസംഘടനയുടെ ഉന്നത നേതാക്കള്‍ക്കെതിരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു.

ഇസ്രായേലി ബോംബര്‍ ജെറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ദോഹയുടെ വടക്കന്‍ ഭാഗത്ത് നിന്ന് കനത്ത സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും, പുക ഉയരുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇത് ആദ്യമായാണ് ഇസ്രായേല്‍ ഖത്തറില്‍ വെച്ച് ഹമാസ് നേതാക്കളെ നേരിട്ട് ആക്രമിക്കുന്നത്. 2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ കാര്യാലയം ദോഹയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആക്രമണത്തെ ഖത്തര്‍ ‘ഭീരുത്വം’ എന്ന് വിശേഷിപ്പിച്ചു. ഹമാസ് ഓഫീസുകള്‍ക്കൊപ്പം റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണിതെന്നും ഇത് ഖത്തറിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗാസയില്‍ നടക്കുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കുന്നതിനിടയിലെ ഈ ആക്രമണം, സമാധാന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.