ഗാസയില്‍ വ്യോമാക്രമണം ശക്തം; മൂന്നരലക്ഷത്തിലേറെ പേര്‍ക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടു

Jaihind Webdesk
Thursday, October 12, 2023


ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം തുടരുന്നു. 1200 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. മൂന്നരലക്ഷത്തിലേറെ പേര്‍ക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടു. ഏക വൈദ്യുതി നിലയം പ്രവര്‍ത്തനം നിലച്ചതോടെ പ്രദേശം പൂര്‍ണമായി ഇരുട്ടിലാണ്. ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായി. ഗാസയില്‍ കരയുദ്ധം ഇതുവരെ ആരംഭിച്ചില്ലെങ്കിലും വ്യോമാക്രമണം ശക്തമാക്കുകയാണ് ഇസ്രയേല്‍. ഇന്നുപുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ ഒരുമണിക്കൂറിനിടെ 51 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നു. ഗാസയില്‍ ഹമാസിന്റെ ഭൂഗര്‍ഭ ടണലുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലും ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍്ട്ടുണ്ട്.

അതിനിടെ ലബനനില്‍ നിന്ന് ഇസ്രയേലിലേക്ക് ആക്രമണം രൂക്ഷമായി. ഇസ്രയേലും തിരിച്ചടിക്കുന്നുണ്ട്. ഗാസയില്‍ 3,38,000 പേര്‍ക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടുവെന്നാണ് യു.എന്‍. കണക്ക്. ഇവരില്‍ പകുതിയും അഭയാര്‍ഥി ക്യാംപുകളിലാണ്. ഗാസയിലെ വൈദ്യുതി പൂര്‍ണമായി നിലയക്കുകയും ഇന്ധനവും വെള്ളവും ഭക്ഷണവും ലഭിക്കാതാവുകയും ചെയ്തതോടെ മരണം മുന്നില്‍ കാണുകയാണ് ജനങ്ങള്‍. ആശുപത്രികളില്‍ അടിയന്തര ചികില്‍സകള്‍ പോലും മുടങ്ങി. അഭയാര്‍ഥി ക്യാംപുകളിലും അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമായി. അടിയന്തരമായി പ്രദേശത്തേക്ക് ഭക്ഷണവും വെള്ളവും എത്തിക്കണമെന്ന് യു.എന്‍.സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. കരയുദ്ധം ആരംഭിക്കും മുന്‍പ് ജനങ്ങളെ പരമാവധി ഒഴിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്. ഇതേക്കുറിച്ച് ഇസ്രയേലുമായും ഈജിപ്റ്റുമായും യു.എസ്. ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.