ലെബനില്‍ ഇസ്രയേലിന്റെ പ്രത്യാക്രമണം; മരണം 600 കടന്നു

Jaihind Webdesk
Sunday, October 8, 2023


ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ മരണം 600 കടന്നു. രാജ്യത്തിനുള്ളില്‍ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുകയാണ് ഇസ്രയേല്‍. ഗാസയിലെ 429 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ 313 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേല്‍ പ്രത്യാക്രമണം നടത്തി.

അക്ഷരാര്‍ത്ഥത്തില്‍ ഗാസയ്ക്കു മേല്‍ തീ മഴ പെയ്ത രാത്രിയാണ് കടന്നുപോയത്. ബഹുനില കെട്ടിടങ്ങള്‍ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നിലംപൊത്തി. 429 കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്നും ഇക്കൂട്ടത്തില്‍ ഹമാസിന്റെ ആയുധ കേന്ദ്രങ്ങള്‍ അടക്കം ഉണ്ടെന്നും ഇസ്രയേല്‍. ഗാസ മുനമ്പിലെ പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ആശുപത്രികളില്‍ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവര്‍. ഗാസയിലെ ഏഴ് മേഖലകളില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതിനു ശേഷം രണ്ടാം ഘട്ട ആക്രമണത്തിലൂടെ ഹമാസ് കേന്ദ്രങ്ങള്‍ തരിപ്പണം ആക്കുകയാണ് ലക്ഷ്യം. മുന്‍പ് പല ഉന്നത ഹമാസ് നേതാക്കളെയും വധിച്ച ചരിത്രമുള്ള ഇസ്രയേല്‍ ഇത്തവണയും അത്തരം നീക്കം നടത്തിയേക്കും. കര മാര്‍ഗം സൈനിക നീക്കം നടത്തി ഗാസയില്‍ സ്ഥിരം ഇസ്രായേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം. നീണ്ട് നില്‍ക്കുന്നതും ബുദ്ധിമുട്ടേറിയതുമായ യുദ്ധത്തിനാണ് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത് എന്നാണു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.