ISRAEL-IRAN| ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: യുഎഇയില്‍ നിന്ന് ആറ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Jaihind News Bureau
Tuesday, June 17, 2025

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍, യുഎഇയില്‍ നിന്ന് ജോര്‍ദാന്‍, ലബനന്‍, ഇറാഖ്, ഇറാന്‍, ഇസ്രയേല്‍, സിറിയ എന്നീ ആറ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നേരത്തെ നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസാണ് നിര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ ആറായി ഉയര്‍ത്തുകയായിരുന്നു. യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുകളിലോ ട്രാവല്‍ ഏജന്റുമാരുമായോ വിമാന കമ്പനി വെബ്സൈറ്റിലൂടെയോ ബുക്കിങ് പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും വിമാനം റദ്ദാക്കിയതുമൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എയര്‍ലൈനുകള്‍ ദുബായില്‍ അറിയിച്ചു. അതേസമയം, എമിറേറ്റ്സ് എയര്‍ലൈന്‍, അമ്മാന്‍, ബെയ്റൂട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ 22 വരെയും ടെഹ്റാന്‍, ബഗ്ദാദ്, ബസ്റ എന്നിവിടങ്ങളിലേക്കുള്ളത് ഈ മാസം 30 വരെയുമാണ് നിര്‍ത്തിവച്ചത്.