ഹമാസിനെ ഐഎസിനെപ്പോലെ തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇസ്രയേലിലെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. അമേരിക്ക ഇസ്രയേലിനൊപ്പമെന്ന് ആവര്‍ത്തിച്ച ആന്റണി ബ്ലിങ്കന്‍ ബന്ദികളുടെ മോചനത്തിനായി ശ്രമം തുടരുന്നെന്നും വ്യക്തമാക്കി. ഇസ്രയേലിന് പൂര്‍ണപിന്തുണ അറിയിക്കുന്നതിനൊപ്പം വെടിനിര്‍ത്തലിനുള്ള സാധ്യതകളും ആരാഞ്ഞാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പശ്ചിമേഷ്യ സന്ദര്‍ശനം. ടെല്‍ അവീവില്‍ ബെന്യാമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയ ബ്ലിങ്കന്‍ ഇസ്രയേലിനൊപ്പം അമേരിക്കയുമുണ്ടെന്ന് ആവര്‍ത്തിച്ചു. തുടര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഹമാസിനെ ഐ.എസിനെപ്പോലെ തകര്‍ക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്.
അമേരിക്കന്‍ പിന്തുണയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. സമാധാനം ആഗ്രഹിക്കുന്നവരെല്ലാം ഹമാസ് ആക്രമണത്തെ അപലപിക്കണമെന്ന് ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ഇസ്രയേലിനെ ആക്രമിക്കാന്‍ ആരും ധൈര്യപ്പെടരുതെന്നും സ്ഥിതി വിവരിച്ച് ബ്ലിങ്കന്‍ വ്യക്തമാക്കി. പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായും ജോര്‍ദാന്‍ രാജാവുമായും ബ്ലിങ്കന്‍ നാളെ കൂടിക്കാഴ്ച നടത്തും. ബന്ദികളെ മോചിപ്പിക്കുന്നതിനായി അമേരിക്ക ശക്തമായ ഇടപെടല്‍ തുടരുന്നതായും ബ്ലിങ്കന്‍ വ്യക്തമാക്കി. ഗാസയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ സുരക്ഷിത പാതയൊരുക്കാനും യു.എസ് ശ്രമം നടത്തുന്നുണ്ട്.