ബന്ദിമോചനം തേടി ഇസ്രായേലില്‍ പ്രക്ഷോഭം തുടരുന്നു; അടിയന്തര വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ മാനുഷികദുരന്തം ഭയാനകമായിരിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

Jaihind Webdesk
Wednesday, January 24, 2024

പട്ടിണി പിടിമുറുക്കുന്ന ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ മാനുഷികദുരന്തം ഭയാനകമായിരിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറലിന്‍റെ  മുന്നറിയിപ്പ്.  അതിനിടെ, യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും വീണ്ടും ആക്രമണം നടത്തി.  ബന്ദിമോചനം തേടി ഇസ്രായേലില്‍ പ്രക്ഷോഭം തുടരുകയാണ്.

പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനു പകരമായി ബന്ദിമോചനവും രണ്ടു മാസത്തെ വെടിനിര്‍ത്തലും എന്ന ഇസ്രായേല്‍ നിര്‍ദേശം ഹമാസ് തള്ളിയതായി ഈജിപ്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും വീണ്ടും ആക്രമണം നടത്തി .  ടണലുകള്‍ കേന്ദ്രീകരിച്ചുള്ള ഹമാസിന്‍റെ സൈനിക സംവിധാനങ്ങള്‍ ഇപ്പോഴും ശക്തമാണെന്ന് ഇസ്രായേല്‍ സൈന്യം ആശങ്ക പ്രകടിപ്പിച്ചു. ബന്ദിമോചനം തേടി ഇസ്രായേലില്‍ ബന്ധുക്കളുടെ പ്രക്ഷോഭം തുടരുകയാണ്.

പലസ്തീന്‍ ജനതക്ക് കൂട്ടശിക്ഷ വിധിക്കുന്ന ഇസ്രായേല്‍ നീക്കം  ലംഘിച്ചതായി യു എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.  ഗസ്സയിലേക്കുള്ള സഹായം തടസപ്പെടുത്തുന്ന ഇസ്രായേല്‍ നടപടി പട്ടിണിക്ക് ആക്കം കൂട്ടുകയാണ്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ വൈകരുതെന്ന് നോര്‍വീജിയയും സ്ലൊവേനിയയും ആവശ്യപ്പെട്ടു. 24 മണിക്കൂറിനിടെ ഗസ്സയില്‍ ഹമാസ് ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടതിന്‍റെ ആഘാതത്തിലാണ് ഇസ്രോയല്‍. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്നും സൈന്യം വ്യക്തമാക്കി.

വടക്കന്‍ ഇസ്രായേലിലെ മൗണ്ട് മെറോണില്‍ വ്യോമസേന താവളത്തിനു നേരെ ഹിസ്ബുല്ല ആക്രമണം നടത്തി. താവളത്തിന് തകരാര്‍ സംഭവിച്ചതായി സൈന്യം സ്ഥിരീകരിച്ചു. യമനില്‍ യു.എസ്-യു.കെ ഇന്നലെയും ഹൂതി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. ഏദന്‍ കടലില്‍ യു.എസ് സൈനിക ചരക്കുകപ്പല്‍ ‘ഓഷ്യന്‍ ജാസി’നു നേരെ ഹൂതികള്‍നടത്തിയ ആക്രമണത്തിന് പ്രതികാരമെന്നോണമാണ് നടപടിയെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി ബ്രെറ്റ് മാക്ഗുര്‍കിന്‍റെ പശ്ചിമേഷ്യന്‍ പര്യടനം ഇന്നാരംഭിച്ചു.  ബന്ദിമോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് പ്രധാന സന്ദര്‍ശനലക്ഷ്യമെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.