ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു; വെടിനിര്‍ത്താന്‍ ആവശ്യപ്പെടില്ലെന്ന് അമേരിക്ക

Jaihind Webdesk
Tuesday, October 24, 2023


18 ദിവസമായി ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും വെടിനിര്‍ത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ഹമാസ് ഇന്നലെ മോചിപ്പിച്ച രണ്ട് വനിതകള്‍ ഇസ്രയേലില്‍ തിരിച്ചെത്തി. രണ്ടര ആഴ്ച പിന്നിടുന്ന വ്യോമാക്രമണങ്ങളില്‍ ഗാസ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഇന്ധനം കടത്തിവിടില്ലെന്ന് പിടിവാശി തുടരുന്ന ഇസ്രയേല്‍ ഗാസയെ കൂട്ടമരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു. അതിനിടെ, ഇസ്രയേലിനോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിര്‍ത്തലിനെപ്പറ്റി ചര്‍ച്ചപോലും ഇല്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇന്നലെ വ്യോമാക്രമണത്തില്‍ മൂന്നു ഹമാസ് കമ്മാണ്ടര്‍മാരെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

ഇസ്രായേലിന് പിന്തുണ അറിയിക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ടെല്‍ അവീവില്‍ എത്തി. യുദ്ധ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യാഴാഴ്ച അമേരിക്കയിലെത്തും. ലെബനോനില്‍ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ഇന്നലെയും വ്യോമാക്രമണം നടത്തി. ഇറാഖിലും സിറിയയിലും അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ അനുകൂല സംഘങ്ങള്‍ ആക്രമണം നടത്തിയതായി വൈറ്റ് ഹൌസ് അറിയിച്ചു. ഹമാസ് ഇന്നലെ മോചിപ്പിച്ച രണ്ടു വനിതകള്‍ സുരക്ഷിതരായി ഇസ്രയേലില്‍ എത്തി. ഇസ്രയേലികളായ വനിതകളെ മാനുഷിക പരിഗണന നല്‍കി വിട്ടയച്ചു എന്നാണു ഹമാസ് പറയുന്നത്. 18 ദിവസമായി ഹമാസിന്റെ തടവിലുള്ള ഇരുന്നൂറിലേറെ ബന്ദികളുടെ അവസ്ഥ എന്തെന്ന് വ്യക്തമല്ല. ബന്ദികളുടെ സുരക്ഷയെ കരുതി കരയുദ്ധം വേണ്ടെന്ന് വെക്കില്ലെന്ന് ഇസ്രയേല്‍ ഊര്‍ജ മന്ത്രി കാട്‌സ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ സൈനികന് ഗുരുതരമായി പരിക്കേറ്റു. പലസ്തീന്‍ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തില്‍ ഉള്ള വെസ്റ്റ് ബാങ്കില്‍ ഇന്നലെയും ഇസ്രയേല്‍ സൈന്യം നിരവധി കേന്ദ്രങ്ങളില്‍ തെരച്ചില്‍ നടത്തി പലസ്തീനികളെ പിടികൂടി.