ജനങ്ങളെ കുടിപ്പിച്ച് മതിയായില്ലേ സര്‍ക്കാരേ? മദ്യവില്‍പ്പനശാല വിപുലീകരിക്കാന്‍ നീക്കം

Jaihind News Bureau
Wednesday, February 26, 2025

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് മദ്യ വില്‍പ്പന ശൃംഖല വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. അടുത്ത മാസം അവസാനത്തോടെ ബെവ്കോ ഏകദേശം 100 പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങുകയാണ്. കൂടാതെ, 50-ലധികം ബാര്‍ ഹോട്ടലുകള്‍ക്ക് അനുമതി ലഭിച്ചേക്കുമെന്നാണ് എക്സൈസ് വകുപ്പില്‍ നിന്നുള്ള സൂചന.

സര്‍ക്കാരിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാനുള്ള ഉപായങ്ങളുടെ ഭാഗമായിട്ടാണ് കൂടുതല്‍ മദ്യശാലകള്‍ ആരംഭിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഈ ഔട്ട്‌ലെറ്റുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പരമാവധി വരുമാനം ഉറപ്പാക്കാനുള്ള സംവിധാനങ്ങളായി മാറുമെന്നാണ് വിമര്‍ശനം ഉയരുന്നത്. ഒരു വശത്ത് ലഹരി ഉപയോഗിച്ച് മനുശ്യർ തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധമുള്ള ക്രൂരതകളാണ് നടക്കുന്നത്. കഴിഞ്ഞ 10 വർശത്തിനുള്ളില്‍ നടന്ന ക്രൈം റേറ്റ്സ് നോക്കിയാല്‍ തന്നെ അതിന്‍റെ ഉത്തരം ലഭിക്കും. സർക്കാര്‍ മദ്യ വില്‍പ്പനയുടെ എണ്ണം കൂട്ടിയപ്പോള്‍ അതിന്‍റെ ഇരയായത് അനേകം ജീവനുകളാണ്.

ഇതിനിടയില്‍, എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനി പുതിയ മദ്യ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴാണ് സംസ്ഥാനത്ത് കൂടുതല്‍ ഔട്ട്‌ലെറ്റുകളും ബാറുകളും അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. മദ്യവ്യാപനം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരിന്‍റെ നിലപാട് ഇതോടെ തിരിച്ചറിയുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ പ്രതിപക്ഷമുന്നണികള്‍ ഉയര്‍ത്തുന്നുണ്ട്.

ടൂറിസം മേഖലയിലെ ആകര്‍ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്ന പേരില്‍ പുതിയ മദ്യശാലകള്‍ക്കും ബാറുകള്‍ക്കും അനുമതി നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 1000-ത്തോളം ബാര്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ഉയര്‍ന്ന വിലയുള്ള മദ്യങ്ങളുടെ വില്‍പ്പനക്കായി ബിവറേജസ് കോര്‍പ്പറേഷന്‍ നാല് സൂപ്പര്‍ പ്രീമിയം സ്റ്റോറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, കുമരകം എന്നിവിടങ്ങളില്‍ ഈ പുതിയ വില്പനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. വിദേശ നിര്‍മ്മിത വിദേശ മദ്യം, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, വൈന്‍, ബിയര്‍ എന്നിവ ലഭ്യമാകുന്ന രീതിയിലാണ് ഈ സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ പറ്റുന്നത്ര കട്ടു മുടിക്കാനും ജലങ്ങളെ നശിപ്പിക്കാനുമാണ് സർക്കാർ ശ്രമം. അതിന് നിന്ന് തരാന്‍ ഇനി ജനങ്ങളെ കിട്ടില്ല.