ഐഎസ്എല്‍ അനിശ്ചിതത്വത്തിന് വിരാമം; പുതിയ സീസണ്‍ ഫെബ്രുവരി 14-ന് ആരംഭിക്കും

Jaihind News Bureau
Wednesday, January 7, 2026

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നിയമതടസ്സങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പന്ത്രണ്ടാം സീസണിന് തീയതി കുറിച്ചു. ഫെബ്രുവരി 14-ന് ടൂര്‍ണമെന്റ് ആരംഭിക്കുമെന്ന് കേന്ദ്ര കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. വാണിജ്യ പങ്കാളിയെ കണ്ടെത്തുന്നതിലെ പ്രതിസന്ധിയും ഫെഡറേഷനും സംഘാടകരും തമ്മിലുള്ള കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങളും മൂലം അഞ്ച് മാസത്തോളമാണ് ലീഗ് നീണ്ടുപോയത്. കായിക മന്ത്രാലയവും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ഉള്‍പ്പെടെയുള്ള 14 ക്ലബ്ബുകളുടെ പ്രതിനിധികളും പങ്കെടുത്ത നിര്‍ണ്ണായക യോഗത്തിലാണ് ഫെബ്രുവരിയില്‍ പന്ത് ഉരുളുമെന്ന് ഉറപ്പായത്.

പുതിയ തീരുമാനപ്രകാരം ലീഗിലെ 14 ക്ലബ്ബുകളും ഈ സീസണില്‍ പങ്കെടുക്കും. സ്വിസ് മൊഡ്യൂള്‍ സിസ്റ്റത്തില്‍ ഹോം-ആന്‍ഡ്-എവേ രീതിയിലായിരിക്കും മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ആകെ 91 മത്സരങ്ങള്‍ ഈ സീസണിലുണ്ടാകും. നേരത്തെ ടൂര്‍ണമെന്റ് ഗോവയില്‍ മാത്രമായി നടത്താന്‍ ആലോചനയുണ്ടായിരുന്നെങ്കിലും, പുതിയ തീരുമാനപ്രകാരം വിവിധ ടീമുകളുടെ ഹോം ഗ്രൗണ്ടുകളില്‍ മത്സരങ്ങള്‍ നടക്കും. ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൊച്ചിയില്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് വലിയ ആശ്വാസമാണ്.

ഐഎസ്എല്‍ നടത്തിപ്പിനായി ഏകദേശം 25 കോടി രൂപയുടെ ഒരു സെന്‍ട്രല്‍ പൂള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ വ്യക്തമാക്കി. നിലവില്‍ വാണിജ്യ പങ്കാളി ഇല്ലാത്ത സാഹചര്യത്തില്‍, തുകയുടെ വലിയൊരു ഭാഗം (14 കോടി രൂപ) ഫെഡറേഷന്‍ നേരിട്ട് വഹിക്കും. ബാക്കി തുക ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ കണ്ടെത്തും. റിലയന്‍സ് ഗ്രൂപ്പിന്റെ എഫ്എസ്ഡിഎല്ലുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കുന്നതിലെ അനിശ്ചിതത്വമാണ് 2025 സെപ്റ്റംബറില്‍ ആരംഭിക്കേണ്ട ടൂര്‍ണമെന്റ് 2026 ഫെബ്രുവരി വരെ നീളാന്‍ കാരണമായത്. വരും ദിവസങ്ങളില്‍ മത്സരങ്ങളുടെ പൂര്‍ണ്ണമായ ഫിക്സ്ചര്‍ പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.