ഇന്ത്യൻ സൂപ്പർ ലീഗിൽ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി പരാജയങ്ങളും സമനിലയും വഴങ്ങിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജയം തേടി ഇന്നിറങ്ങുന്നു. ലീഗിൽ അവസാന സ്ഥാനക്കാരായ ചെന്നൈയിൻ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.

നിലവിൽ പരിതാപകരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അവസ്ഥ. ഈ നിലയിൽ മുന്നോട്ട് പോയാൽ ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന് എങ്ങുമെത്താതെ മടങ്ങേണ്ടി വരും. സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെയ്ക്ക് എതിരെ നേടിയ ഏക വിജയം മാത്രമാണ് സീസണിൽ എടുത്തു പറയാനുള്ളത്. പിന്നീടിങ്ങോട്ട് സമനിലകളുടേയും പരാജയങ്ങളുടേയും ഘോഷയാത്രയാണ്.

നിലവിൽ എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ഏഴ് പോയിൻറുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്. ഒരു മത്സരത്തിൽ മാത്രം ജയിച്ചു. നാല് മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ മൂന്നെണ്ണത്തിൽ ടീം തോൽവി ഏറ്റുവാങ്ങി. എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് ജയിച്ചേ തീരൂ.

ചെന്നൈയും നിലവിലെ സീസണിൽ മികച്ച പ്രകടനമല്ല കാഴ്ച വെച്ചിട്ടുള്ളത്. ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരു മത്സരത്തിൽ മാത്രമേ ചെന്നൈയിനും ജയിച്ചിട്ടുള്ളൂ. മൂന്ന് മത്സരങ്ങളിൽ പരാജയപ്പെടുകയും മൂന്ന് മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു.

ബ്ലാസ്റ്റേഴ്‌സിന്‍റെ മുന്നേറ്റനിരയിൽ മെസി ബൗളി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഒഗ്‌ബെചെയുടെ അഭാവത്തിൽ മുന്നേറ്റത്തെ കൃത്യമായി നയിക്കാൻ മെസിയ്ക്ക് സാധിക്കുന്നുണ്ട്. ഡ്രൊബരോവ് എത്തിയതോടെ പ്രതിരോധവും ശക്തമായിട്ടുണ്ട്. അതേസമയം ലൂസിയൻ ഗോയലിൻറെ ചെന്നൈയിനും കരുത്തുറ്റ താരങ്ങളാൽ സമ്പന്നമാണ്.

Comments (0)
Add Comment