ഐഎസ് ബന്ധം : കശ്മീരില്‍ മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Jaihind Webdesk
Monday, July 12, 2021

ശ്രീനഗര്‍ : നിരോധിത തീവ്രവാദ സംഘടനയായ ഐഎസുമായി (ISIS) ബന്ധമുള്ള മൂന്ന് യുവാക്കളെ കശ്മീരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു. ദക്ഷിണ കശ്മീരിലെ അനന്തനാഗിലെ അച്ചാബലില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് എന്‍ഐഎ അറിയിച്ചു.

ഉമർ നിസാർ, തൻവീർ അഹ്മദ് ഭട്ട്, റമീസ് അഹ്മദ് ലോൺ എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി വലയിലാക്കിയത്. സംശയത്തെ തുടര്‍ന്ന് ഏഴിടങ്ങളില്‍ എന്‍ഐഎ ഞായറാഴ്ച തെരച്ചില്‍ നടത്തിയിരുന്നു. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം ഉള്‍പ്പെടെ ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി എന്‍ഐഎ അറിയിച്ചു.

ഇവരുടെ പക്കല്‍ നിന്ന് ലഘുലേഖകള്‍, ഐഎസ് ലോഗോ മുദ്രണം ചെയ്ത ടീ ഷര്‍ട്ടുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു. ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയില്‍ നിന്ന് പിടിയിലായവര്‍ ഐഎസിന്‍റെ സജീവ പ്രവര്‍ത്തകരാണെന്നത് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വക്താക്കള്‍ അറിയിച്ചു. വോയിസ് ഓഫ് ഹിന്ദ് എന്ന ഐഎസ് മാഗസിന് വേണ്ടിയും ഇവര്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുണ്ട്.