സോഷ്യൽ മീഡിയ വഴി തീവ്രവാദ പ്രചരണം : കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍

Jaihind Webdesk
Tuesday, August 17, 2021

കണ്ണൂർ : സമൂഹമാദ്ധ്യമങ്ങളിലൂടെ ഐസിസ് പ്രചാരണം നടത്തിയെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ കണ്ണൂരിൽ പിടികൂടി. ഷിഫ ഹാരിസ്,​ മിസ്ഹ സിദ്ദിഖ് എന്നിവരാണ് ഡൽഹിയിൽ നിന്നെത്തിയ എൻ‌ഐ‌എ ടീമിന്‍റെ പിടിയിലായത്.

മുൻപ് സമാനമായ കേസിൽ അറസ്‌റ്റിലായ മുസാദ് അൻവറിന്‍റെ കൂട്ടാളികളാണ് ഇവർ. ‘ക്രോണിക്കിൾ ഫൗണ്ടേഷൻ’ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തിയെന്നാണ് എൻ‌ഐ‌എ കണ്ടെത്തൽ. ഇത് ഐസിസിനു വേണ്ടിയുള‌ള പ്രചാരണം ആയിരുന്നെന്നാണ് എൻഐഎ അറിയിച്ചത്.

മംഗലാപുരത്ത് നിന്നും ഈ മാസം നാലിന് പിടിയിലായ അമീർ അബ്‌ദുൾ റഹ്‌മാനും ഇതേ സംഘത്തിൽപെട്ടയാളാണ്. ഇയാൾ നൽകിയ സൂചനയാണ് കണ്ണൂരിലെ യുവതികളിലേക്ക് എൻ‌ഐ‌എ സംഘത്തിന്‍റെ ശ്രദ്ധയെത്തിയത്. ആറ് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്. ഏഴുപേരടങ്ങുന്ന സംഘം കേരളത്തിൽ ഐസിസ് പ്രചാരണം നടത്തുന്നതായി എൻ‌ഐ‌എ വെളിപ്പെടുത്തി.