ഡല്‍ഹിയില്‍ പിടിയിലായത് ഐഎസ്ഐ പരിശീലനം നേടിയ പാകിസ്ഥാന്‍ സ്വദേശി ; 10 വർഷമായി ഇന്ത്യയില്‍

Jaihind Webdesk
Tuesday, October 12, 2021

ന്യൂഡല്‍ഹി : വ്യാജ ഇന്ത്യൻ തിരിച്ചറിയിൽ രേഖകളുമായി ഡല്‍ഹിയിൽ പിടിയിലായ പാക് ഭീകരന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പിടിയിലായത് പാക്കിസ്ഥാനിലെ നർവാൾ സ്വദേശി മുഹമ്മദ് അഷ്റഫാണ്. പിടിയിലായ ഭീകരന് ഐഎസ്ഐ പരിശീലനം കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഐഎസ്ഐ യുടെ പ്രവർത്തനത്തിന് ആയുധങ്ങൾ ഇയാള്‍ എത്തിച്ച് നല്‍കിയിരുന്നു. പത്തു വർഷമായി ഇന്ത്യയിൽ വ്യാജ പേരിൽ താമസിക്കുകയായിരുന്നു ഇയാള്‍. കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ബംഗ്ലാദേശ് വഴിയാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നതെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലിസ് വിശദീകരിച്ചു. നിരവധി ഭീകരപ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഡല്‍ഹിയിലെ ലക്ഷ്മി നഗറിലെ രമേശ് പാർക്കിൽ നിന്നാണ് സ്‍പെഷ്യല്‍ സെൽ മുഹമ്മദ് അഷ്റഫിനെ പിടികൂടിയത്. ഇന്ത്യൻ പൗരനാണെന്ന വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്. എകെ 47 തോക്കും ഒരു ഹാൻഡ് ഗ്രനേഡും രണ്ട് പിസ്റ്റളും വെടിയുണ്ടകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു