ഇന്ത്യാ-പാക് വെടി നിര്‍ത്തല്‍ നിലവില്‍ വന്നത് അമേരിക്കന്‍ ഇടപെടല്‍ മൂലമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരികരിച്ചിരുന്നില്ല. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് എഴുത്തുകാരിയായ സുധാ മേനോന്‍. ഒരു നീണ്ട ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സൂധാ മേനോന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്.
കക്ഷി രാഷ്ട്രീയഭേദമില്ലാതെ ഇന്ത്യന്‍ ജനത ഒരൊറ്റ മനസോടെ പിന്തുണച്ച ഓപ്പറേഷന്‍ സിന്ദൂരവും വെടി നിര്‍ത്തലും അവസാനിക്കുമ്പോള്‍ കുറേ ചോദ്യങ്ങള്‍ ബാക്കിയായിരുന്നുവെന്നും എന്നാല്‍ അതിനുള്ള ഉത്തരം പ്രധാനമന്ത്രിയില്‍ നിന്നുണ്ടായില്ലെന്നും കുറിപ്പില്‍ പറയുന്നു. ‘വെടി നിര്‍ത്തല്‍ ലോകത്തെ അറിയിച്ചതു മുതല്‍, അമേരിക്കന്‍ പ്രസിഡണ്ട് ഇത് അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം ഒഴിഞ്ഞുപോയ യുദ്ധമാണ് എന്ന് മേനി പറയുന്നുണ്ട്. ഇത് ശരിയാണോ?അയാള്‍ പറഞ്ഞിട്ടാണോ വെടി നിര്‍ത്തല്‍ നടന്നത്? എന്താണ് അക്കാര്യത്തില്‍ താങ്കള്‍ മൗനം പാലിക്കുന്നത്? അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായോ എന്നതിന് ഉത്തരം നല്‍കേണ്ട ധാര്‍മികവും ന്യായവുമായ രാഷ്ട്രീയബാധ്യത അങ്ങേക്ക് ഇല്ലേ?’- സൂധാ മേനോന്‍ ചോദിക്കുന്നു.
സുധാ മേനോന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബഹുമാന്യനായ പ്രധാനമന്ത്രീ,
കക്ഷി രാഷ്ട്രീയഭേദമില്ലാതെ ഇന്ത്യന്‍ ജനത ഒരൊറ്റ മനസോടെ പിന്തുണച്ച ഓപ്പറേഷന്‍ സിന്ദൂരവും വെടി നിര്‍ത്തലും അവസാനിക്കുമ്പോള്‍ കുറേ ചോദ്യങ്ങള്‍ ബാക്കിയായിരുന്നു. അതിനുള്ള ഉത്തരമാണ് അങ്ങയില്‍ നിന്നും പ്രതീക്ഷിച്ചത്. പക്ഷെ പതിവ് വാചാടോപങ്ങള്‍ക്കപ്പുറം ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പ്രധാനമന്ത്രിയില്‍ നിന്നുണ്ടായില്ല എന്നത് അതിവിചിത്രമാണ്. അതുകൊണ്ട് ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ചോദിക്കട്ടെ…
വെടി നിര്‍ത്തല്‍ ലോകത്തെ അറിയിച്ചതു മുതല്‍, അമേരിക്കന്‍ പ്രസിഡണ്ട് ഇത് അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം ഒഴിഞ്ഞുപോയ യുദ്ധമാണ് എന്ന് മേനി പറയുന്നുണ്ട്. ഇത് ശരിയാണോ?അയാള്‍ പറഞ്ഞിട്ടാണോ വെടി നിര്‍ത്തല്‍ നടന്നത്? എന്താണ് അക്കാര്യത്തില്‍ താങ്കള്‍ മൗനം പാലിക്കുന്നത്? അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായോ എന്നതിന് ഉത്തരം നല്‍കേണ്ട ധാര്‍മികവും ന്യായവുമായ രാഷ്ട്രീയബാധ്യത അങ്ങേക്ക് ഇല്ലേ?
ഇന്ത്യയുടെ വെടി നിര്‍ത്തല്‍ പരസ്യമായി ലോകത്തോട് പ്രഖ്യാപിക്കാന്‍ ശരിക്കും അമേരിക്കന്‍ പ്രസിഡണ്ട് ആണോ ഒരു സ്വതന്ത്ര പരമാധികാര ജനായത്തരാഷ്ട്രമായ ഇന്ത്യയുടെ രക്ഷാകര്‍ത്താവ്? അല്ലെങ്കില്‍, ട്രമ്പിനോട് എന്തുകൊണ്ടാണ് ഇന്ത്യയുടെ പ്രതിഷേധം അറിയിക്കാത്തത്? പണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അമേരിക്ക ശക്തമായി പിന്തുണക്കുന്ന കാലത്ത് പോലും ക്വിറ്റ് ഇന്ത്യാ സമരം നിര്‍ത്തണം എന്ന് അമേരിക്കന്‍ പ്രസിഡണ്ട് റൂസ് വെല്‍റ്റ് ആവശ്യപ്പെട്ടപ്പോള്‍ ‘ റൂസ് വെല്‍റ്റ് അല്ല ബാപ്പു ആണ് എന്റെ നേതാവ്’ എന്ന് നെഹ്റു പറഞ്ഞത് അമേരിക്കന്‍ മാധ്യമങ്ങളോടായിരുന്നു. അന്ന് നമ്മള്‍ വെറും കോളനി മാത്രമായിരുന്നു എന്ന് അങ്ങയെ ഓര്‍മ്മിപ്പിക്കട്ടെ.
കശ്മീര്‍ പ്രശ്‌നം തീര്‍ക്കാന്‍ തയ്യാറാണെന്ന ട്രമ്പിനോട്, അമേരിക്ക അന്താരാഷ്ട്രകോടതിയോ ഐക്യരാഷ്ട്രസഭയോ ആയി സ്വയം പരിണമിക്കേണ്ടതില്ല എന്ന് നിര്‍ഭയം വിളിച്ചു പറയാന്‍ എന്താണ് തടസം? ഓര്‍ക്കുക, കാശ്മീര്‍ വിഷയത്തില്‍ നിഷ്പക്ഷരായ മൂന്നാം കക്ഷി വേണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നത് പാകിസ്ഥാന്‍ ആണ്, ഇന്ത്യ അല്ല. നമ്മുടെ അവിഭാജ്യഘടകമാണ് കശ്മീര്‍ എന്നതാണ് ഇക്കാര്യത്തില്‍ 1947 മുതല്‍ ഇന്ത്യയുടെ നിലപാട്. ആ പാരമ്പര്യത്തെ പാടെ റദ്ദ് ചെയുന്ന വിധത്തില്‍, ട്രമ്പ് സംസാരിക്കുമ്പോള്‍ തന്നെ അമേരിക്കയുടെ ഇരട്ടത്താപ്പും പാകിസ്ഥാന്‍ ചായ്വും സുവ്യക്തമാണ്. എന്നിട്ടും പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശ്ശബ്ദനാകുന്നത്? അങ്ങയുടെ ധാര്‍മികരോഷം എന്താണ് ഉണരാത്തത്?
‘ആയിരം വര്‍ഷങ്ങളായി തുടരുന്ന കശ്മീര്‍പ്രശ്‌നം’ എന്ന മണ്ടത്തരം ട്രമ്പ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രാലയവും എന്താണ് നിശ്ശബ്ദരായിരിക്കുന്നത്? വസ്തുതാപരവും ഗുരുതരവുമായ ആ തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള ധൈര്യം പോലും നമുക്ക് ഇല്ലാതെപോയോ? 1971 ല്‍ എങ്ങനെയാണ് ഇന്ദിരാഗാന്ധി നിക്സണെയും അമേരിക്കയെയും നേരിട്ടത് എന്ന് ചരിത്രം വായിച്ചാല്‍ അറിയാം. നമ്മള്‍ക്കു ഇന്ദിര ‘ദുര്‍ഗ’ ആയിരുന്നുവെങ്കില്‍ അമേരിക്കക്ക് അവര്‍ ‘വെറും വൃദ്ധയക്ഷി’ യായത് എങ്ങനെ എന്ന് അന്വേഷിച്ചു നോക്കു.
ഇന്ത്യയും പാകിസ്ഥാനുമായുള്ള വ്യാപാരം നിര്‍ത്തുമെന്ന ഭീഷണി മുഴക്കിയാണ് വെടി നിര്‍ത്തല്‍ സമ്മതിച്ചത് എന്ന ട്രമ്പിന്റെ അവകാശവാദം തെറ്റാണെങ്കില്‍ അതെന്താണ് താങ്കള്‍ ഇന്ത്യന്‍ ജനതയോട് പറയാത്തത്?
പഹല്‍ഗാമില്‍ നിരപരാധികള്‍ക്കെതിരെ ക്രൂരമായ ആക്രമണം നടത്തിയ തീവ്രവാദികള്‍ എവിടെയാണ് എന്ന ചോദ്യം ഇപ്പൊഴും ബാക്കിയാണ്. എന്താണ് താങ്കള്‍ മിണ്ടാത്തത്?
എങ്ങനെയാണ് കാശ്മീരില്‍ സുരക്ഷാവീഴ്ച ഉണ്ടായത്? അതിനെക്കുറിച്ചുള്ള അന്വേഷണം ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് നടത്തുമോ?
എന്തുകൊണ്ടാണ് അങ്ങ് സര്‍വകക്ഷി യോഗങ്ങളില്‍ പങ്കെടുക്കാത്തത്? എന്തുകൊണ്ടാണ് പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം ഇനിയും വിളിച്ചു ചേര്‍ക്കാത്തത്? 1962ല്‍ ജനസംഘത്തിന്റെ നേതാവായിരുന്ന വാജ്പേയ് ആവശ്യപ്പെട്ട ഉടനെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടത്തിയ നെഹ്രുവും ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു എന്ന് താങ്കള്‍ ഓര്‍മിക്കണം..
യുദ്ധമല്ല, സമാധാനമാണ് ഇന്ത്യയുടെ വഴി. ബുദ്ധനും, അശോകനും, അക്ബറും, ബാപ്പുവും ഒക്കെ അമരാകുന്നത് സമാധാനത്തിന്റെയും സഹജീവനത്തിന്റെയും വഴി കാണിച്ചു തന്നതുകൊണ്ടാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെറുപ്പും പോര്‍വിളിയും മാത്രം പ്രസരിപ്പിച്ച കുറേ മാധ്യമങ്ങളെയും മത ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളെയും അങ്ങ് കാണുന്നില്ലേ? എന്താണ് അങ്ങ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്? 1965ല്‍ ശാസ്ത്രിജിയും, 1971ല്‍ ഇന്ദിരാജിയും ജനങ്ങളോടും പ്രതിപക്ഷത്തോടും സംയമനം പാലിക്കാനും ഇന്ത്യാ- പാക് യുദ്ധത്തെ മതപരമായി വ്യാഖ്യാനിക്കാതിരിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു.
രാജ്യത്തോട് പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ ഈ പ്രാഥമിക ചോദ്യങ്ങള്‍ക്ക് എങ്കിലും ഉത്തരം വേണം.പക്ഷെ, നിരാശയോടെ പറയട്ടെ, അര്‍ത്ഥമില്ലാത്ത വാചാടോപം മാത്രമായിരുന്നു നമ്മള്‍ ഇന്നലെ കേട്ടത്. അതുകൊണ്ട് അങ്ങ് പാര്‍ലമെന്റില്‍ എങ്കിലും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമെന്ന് വിശ്വസിക്കുന്നു
എല്ലാറ്റിനും ഉപരിയായി, പ്രതിസന്ധിഘട്ടത്തില്‍ ഏറ്റവും യുക്തിപൂര്‍വമായും, നിര്‍ഭയമായും, മതേതരമായും, ജനാധിപത്യരാജ്യത്തില്‍ തങ്ങള്‍ക്കുള്ള അതിരുകള്‍ കടക്കാതെയും ഇടപെട്ട ഇന്ത്യന്‍ സൈന്യത്തിന് ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കുമല്ലോ..
ആദരവോടെ,
സുധാ മേനോന്‍