കോഴിക്കോട്: തൃശൂര്‍ പൂരം കലക്കലിൽ പുത്തൻ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നുണ്ട്. ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും പിണറായി ചോദിച്ചു.
പി. ജയരാജന്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.
പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍? ഇതാണ് മുഖ്യമന്ത്രി നിഷ്കളങ്കമായി ചോദിക്കുന്നത്.
എഡിജിപി അജിത്കുമാറിന്റെ ആർഎസ്എസ് സന്ദർശനവും ലളിതവത്കരിക്കാനാണ് പിണറായി വിജയൻ ശ്രമിച്ചത്. ‘ഒരു പോലീസുകാരന്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ കേരള അമീറിന്റെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്? ഇതാണ് മുഖ്യമന്ത്രിയുടെ ബാലിശമായ ചോദ്യം.
പൂരം കലക്കലും, ആർഎസ്എസ് കൂടിക്കാഴ്ചയിലും പെട്ട് സിപിഎം വലഞ്ഞു നിൽക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ പുതിയ ന്യായീകരണം.