കറിപ്പൊടികളില്‍ കീടനാശിനി ഉണ്ടോ ? വിശദാംശങ്ങള്‍ അറിയാം

Jaihind News Bureau
Thursday, August 6, 2020

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക ഉല്‍പാദകരില്‍ നിന്നുമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ്‌ കറിപൗഡർ നിര്‍മ്മാതാക്കള്‍ സര്‍ക്കാര്‍ അംഗീകൃത വിപണികള്‍ മുഖേന വാങ്ങി സംസ്‌ക്കരിച്ച്‌ വിപണിയില്‍ എത്തിക്കുന്നത്‌. സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷി സമയത്ത്‌ കാര്‍ഷിക ഉല്‍പ്പാദകര്‍ തങ്ങളുടെ വിള സംരക്ഷിക്കാന്‍ വേണ്ടി കീടനാശിനികള്‍ ഉപയോഗിക്കുന്നു. അങ്ങനെയാണ്‌ കറിപൗഡറുകളിലും അതിന്‍റെ അംശം കടന്നുവരുന്നത്‌

2018 ഡിസംബറില്‍ കേന്ദ്രഭക്ഷ്യ സുരക്ഷാവകുഷ്‌ (FSSAI) ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച്‌ സുഗന്ധവ്യഞ്ജനങ്ങളില്‍, നിയമപ്രകാരം അടങ്ങിയിരിക്കാവുന്ന കീടനാശിനികളുടെ അളവ്‌ പുനഃക്രമീകരിക്കുകയുണ്ടായി. ഇന്ത്യാ ഗവണ്‍മെന്‍റ്‌ അംഗീകരിച്ചിട്ടുള്ള കീടനാശിനികളുടെ ഒരു പട്ടിക ഇപ്പോള്‍ നിലവില്‍ ഉണ്ട്‌. ഈ അംഗീകൃത പട്ടികയില്‍ ഉള്ള കീടനാശിനികളുടെ അനുവദനീയമായ അളവ്‌ ഗവണ്‍മെന്‍റ്‌ (FSSAI) നിഷ്കര്‍ഷിച്ചിട്ടുമുണ്ട്‌.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിടുള്ള കീടനാശിനികള്‍ മാത്രമല്ലകാര്‍ഷിക ഉല്‍പ്പാദകര്‍ ഉപയോഗിക്കുന്നത്‌. അംഗീകരിക്കപ്പെട്ടിട്ടുള്ള കീടനാശിനികള്‍ക്ക്‌ പുറമെ മറ്റ്‌ പല കീടനാശിനികളും വിള സംരക്ഷണത്തിന്‌ കാര്‍ഷിക ഉല്‍പ്പാദകര്‍ ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍ അവര്‍ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള എല്ലാ കീടനാശിനികളുടെയും അനുവദനീയമായ അളവ്‌
എത്രയാണെന്ന്‌ സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടില്ല. അതിനാല്‍ ഇത്തരം കീടനാശിനികളുടെ അനുവദനീയമായ അളവ്‌ പൂജ്യം
ആയി കണക്കാക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട്‌ ഇത്തരം കീടനാശിനികളുടെ ചെറിയ ഒരു അംശം പോലും ലബോറട്ടറി പരിശോധനകളില്‍ കാണാന്‍ പാടില്ല എന്നാണ്‌ നിയമം. ഈ വ്യവസ്ഥ മൂലമാണ്‌ പല കറിപൗഡറുകളിലും കീടനാശിനി ഉണ്ട്‌ എന്ന കാരണത്താല്‍ സര്‍ക്കാര്‍ നിയമ നടപടികള്‍ എടുക്കുന്നത്‌. ഇത്‌ തികച്ചും അശാസ്ത്രീയമാണ്‌. ഉദാഹരണത്തിന്‌, നമ്മള്‍ നിത്യേന കഴിക്കുന്ന ആപ്പിള്‍, തക്കാളി തുടങ്ങി മറ്റ്‌ പല ഭക്ഷ്യവസ്തുക്കളിലും പല കീടനാശിനികളുടെയും അളവ്‌ കറിപൗഡറിലുളളതിനേക്കാള്‍ പതിന്മടങ്ങാണെന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ഈ വൈരുദ്ധ്യം നിലവിലുള്ള നിയമത്തിലെ ന്യൂനതയാണെന്ന്‌ കറിപൗഡര്‍ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ സാഹചര്യത്തില്‍, കീടനാശിനികളുടെ പരിഷ്ക്കരിച്ച അളവുകള്‍ ശാസ്ത്രീയമായി പുനഃപരിശോധിക്കാനും, ഉപയോഗിക്കപ്പെടുന്ന എല്ലാ കീടനാശിനികള്‍ക്കും അനുവദനീയമായ അളവുകള്‍ ശാസ്ത്രീയമായി നിശ്ചയിക്കാനും, മാത്രമല്ല അവയുടെ ഉപയോഗം കുറച്ച്‌, ക്രമേണ അത്തരം കീടനാശിനികളുടെ നിര്‍മ്മാണം നിരോധിക്കാനും, രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ബ്രാന്‍റുകള്‍ FSSAIക്ക് നിവേദനം സമര്‍പ്പിക്കുകയും അത്‌ അനുഭാവപൂര്‍വ്വം പരിഗണിച്ചുകൊണ്ടിരിക്കുകയുമാണ്‌.

കാര്‍ഷിക ഉല്‍പ്പാദകരെ ബോധവല്‍ക്കരിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന കീടനാശിനികളുടെ അളവുകള്‍ രാജ്യത്തെ നിലവിലുളള കൃഷി സമ്പ്രദായത്തില്‍ പ്രാവര്‍ത്തികമാക്കാന്‍
സാധിക്കാത്ത തരത്തില്‍ താഴ്‌ന്ന നിലയിലുള്ളതാണ്‌. കീടനാശിനികള്‍ ഉപയോഗിക്കുന്ന സാധാരണ കാര്‍ഷിക ഉല്‍പാദകര്‍, പലപ്പോഴും അറിവില്ലായ്മ കൊണ്ട്‌ ഗവണ്‍മെന്‍റ്‌ അംഗീകൃത പട്ടികയില്‍ പെടാത്ത കീടനാശിനികള്‍ ഉപയോഗിക്കുന്ന സാഹചര്യമാണ്‌ ഇന്ന്‌ രാജ്യത്ത്‌ നിലവില്‍ ഉള്ളത്‌. ഗവണ്‍മെന്‍റ്‌ അംഗീകൃത പട്ടികയില്‍ പെടാത്ത കീടനാശിനികളുടെ ഉപയോഗം കുറക്കാനായി കാര്‍ഷിക ഉല്‍പാദകരുടെ ഇടയില്‍ ബോധവല്‍ക്കരണത്തിന്‌ ഈ മേഖലയിലെ എല്ല ബ്രാന്‍റുകളും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌.

അതേസമയം അസംസ്‌കൃത വസ്തുക്കള്‍ നേരിട്ട്‌ വാങ്ങി മില്ലില്‍ പൊടിച്ച്‌ സ്വന്തമായി കറിക്കൂട്ടുകള്‍ ഉപഭോക്താക്കള്‍
നിര്‍മ്മിച്ചാല്‍ പോലും കീടനാശിനികളുടെ അംശം ഇല്ലാതാവില്ല എന്നതാണ് വാസ്തവം. കീടനാശിനിയുടെ ഉപയോഗം കൃഷി സമയത്തായതുകൊണ്ട്‌ എല്ലാ അസംസ്‌കൃത വസ്തുക്കളിലും കീടനാശിനിയുടെ അംശം ഉണ്ടാവാന്‍ സാധ്യത ഉണ്ട്‌. അതുകൊണ്ട്‌ സ്വന്തമായി പൊടിക്കുന്നത്‌ കൊണ്ടോ, കറിക്കൂട്ടുകള്‍ ഉണ്ടാക്കുന്നത്‌ കൊണ്ടോ കീടനാശിനികളുടെ അംശം കുറയുന്നില്ല.

നിയമപ്രകാരമുളള അളവുകള്‍ പാലിക്കാനും, ഉല്‍പ്പന്നങ്ങള്‍ക്ക്‌ ആവശ്യമായ ഗുണനിലവാരം ഉറപ്പ് വരുത്താനും പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാ നിയന്ത്രണ സംവിധാനങ്ങളും ചെയ്യുന്നുണ്ട്. ഗുണമേന്മ ഉറപ്പ് വരുത്തുവാന്‍ ഉപഭോക്താവിന്‍റെ സുരക്ഷയ്ക്കനുസരിച്ച്‌ ആവശ്യമായിട്ടുള്ള ISO, HACCP, GMP തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ്‌ പ്രമുഖ ബ്രാന്‍റുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്‌. കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുഷുമായി (FSSAI) ചേര്‍ന്നു പ്രവര്‍ത്തിച്ച്‌, നിയമത്തിലെ അപാകതകള്‍ പരിഹരിച്ച്‌, ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരവും സുക്ഷിതത്വവും പ്രദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാണ് ബ്രാന്‍ഡുകളുടെ ശ്രമം.