സ്വത്തുക്കള്‍ കരുണ പാലിയേറ്റീവിന് എഴുതിവെച്ചു എന്നതിന് എന്തെങ്കിലും രേഖകളുണ്ടോ? ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

Jaihind Webdesk
Thursday, July 7, 2022

 

ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നതിന് പിന്നാലെ സജി ചെറിയാന്‍ വീണ്ടും ചര്‍ച്ചാവിഷയമായി. തന്‍റെ കാലശേഷം സ്വത്തുക്കളെല്ലാം കരുണ പാലിയേറ്റീവ് കെയറിനായി എഴുതിവെച്ചിരിക്കുകയാണ് എന്ന വാർത്തയും അന്തരീക്ഷത്തിലുയർന്നു. എന്നാല്‍ ഇതിലെ വസ്തുത ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍. സ്വത്തുക്കള്‍ എഴുതിവെച്ചെങ്കില്‍ അത് മാതൃകാപരമാണ്. എന്നാല്‍ ഇതിന് എന്ത് രേഖകളാണുള്ളതെന്നും അതിന്‍റെ തെളിവ് പുറത്തുവിടാമോ എന്നും ബിനു ചുള്ളിയില്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷത്തിന്‍റെ മതിപ്പുവില മാത്രമുണ്ടായിരുന്ന സ്വത്തുക്കൾ എട്ടു മാസം കൊണ്ട് 5 കോടി രൂപ മൂല്യമുള്ളതായി എങ്ങനെ ഉയർന്നു എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലെന്നും  ബിനു ചുള്ളിയില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബിനു ചുള്ളിയിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സജി ചെറിയാൻ സഖാവിന്‍റെ വിശാലമനസ്കതയെ കുറിച്ചും മനുഷ്യത്വത്തെ കുറിച്ചും ഉള്ള വാഴ്ത്തു പാട്ടുകളാണ് ചുറ്റും. ഈ പുകഴ്ത്തൽ സന്ദേശങ്ങളിൽ എല്ലാം പറയുന്നത് തന്‍റെ കാലശേഷം തന്റെ വീടും സ്വത്തുക്കളും കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിക്കായി മന്ത്രി, സോറി മുൻ മന്ത്രി എഴുതി വച്ചു എന്നുള്ളതാണ്. പ്രിയപ്പെട്ട സഖാക്കളേ ഇങ്ങനെ കരുണ സൊസൈറ്റിക്കായി സജി ചെറിയാൻ വീടും സ്ഥലവും എഴുതി വച്ചു എന്നതിന് എന്താണ് തെളിവ് ? ഇങ്ങനെ എഴുതി വച്ച രേഖ ഏതെങ്കിലും രജിസ്ട്രാർ ഓഫീസുകളിൽ രജിസ്ട്രർ ചെയ്തിട്ടുണ്ടോ ?
ഉണ്ടെങ്കിൽ ആയതിന്‍റെ തെളിവ് പുറത്തു വിടുമോ ? അതല്ല വിൽപ്പത്രമായാണോ എഴുതി വച്ചിട്ടുള്ളത് ? ആണെങ്കിൽ ഈ വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കിൽ ഈ വിൽപത്രത്തിന്റെ പകർപ്പെങ്കിലും ലഭ്യമാണോ ?

സജി ചെറിയാൻ തന്റെ സ്വത്തുക്കൾ തന്റെ കാലശേഷം കരുണ സൊസൈറ്റിക്ക് എഴുതി വച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും മാതൃകാപരം തന്നെയാണ്. പക്ഷേ വെറുതെ ഉള്ള പറച്ചിലുകൾക്കപ്പുറം ഈ കാര്യം രേഖകളുടെ പിൻബലത്തോടെ ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്. ആയതിനാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അദ്ദേഹമോ അദ്ദേഹത്തെ വാഴ്ത്തിപ്പാടുന്ന സഖാക്കൾ ആരെങ്കിലുമോ പുറത്തു വിടണം എന്ന് അഭ്യർഥിക്കുകയാണ്. എല്ലാത്തിനും ഒരു ക്ലാരിറ്റി വേണമല്ലോ .

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷത്തിന്‍റെ മതിപ്പുവില മാത്രമുണ്ടായിരുന്ന സ്വത്തുക്കൾ എട്ടു മാസം കൊണ്ട് 5 കോടി രൂപ മൂല്യമുള്ളതായി എങ്ങിനെ ഉയർന്നു എന്ന ചോദ്യത്തിന് ഇതുവരെയായും സജിസഖാവിൽ നിന്ന് ഒരു ഉത്തരം കിട്ടിയിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ വിജിലൻസ് അടയിരിപ്പ് തുടരുകയുമാണ്. അതുകൊണ്ട് കൂടിയാണ് ഈ കാര്യങ്ങളിലെല്ലാം മുൻ മന്ത്രിയിൽ നിന്നും അദ്ദേഹത്തിന്റെ അനുചരൻമാരിൽ നിന്നും വസ്തുനിഷ്ഠമായ ഒരു മറുപടി ആവശ്യപ്പെടുന്നത്.

ബിനു ചുള്ളിയിൽ
സംസ്ഥാന ജനറൽ സെക്രട്ടറി
യൂത്ത് കോൺഗ്രസ്