മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനോ? മുഖ്യമന്ത്രിയ്ക്ക് ആര്‍എസ്എസിന്‍റെ നാവെന്ന് വിമര്‍ശനം

Tuesday, October 1, 2024

 

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 150 കിലോ കോടിയുടെ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറം ജില്ലയില്‍നിന്ന് പിടികൂടിയെന്നും ഇവ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ദി ഹിന്ദു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതും വാര്‍ത്തയായിരുന്നു.

സംഘപരിവാറിന് ഗുണം ചെയ്യുന്നതാകും മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെ നല്‍കിയ പരാമര്‍ശത്തിലൂടെ മലപ്പുറത്തെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കിയ മുഖ്യമന്ത്രിയുടെ നടപടി ദേശീയ തലത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍. സംഘപരിവാര്‍ നടത്തിവന്നിരുന്ന പ്രചരണങ്ങളെ ശരിവെക്കുന്നതിന് തുല്യമാണ് മുഖ്യന്ത്രിയുടെ വാക്കുകളെന്നും വിമര്‍ശനമുണ്ട്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെങ്കിലും ഇത്തരം നീക്കം അപകടകരമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് അജിത്കുമാറിന്റെ കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിക്കും, മകള്‍ക്കുമെതിരായ കേസുകളിലെ ഒത്തുതീര്‍പ്പിനാണ് ഇത്തരം ഇടനില എന്നായിരുന്നു ആക്ഷേപം. അത് ശെരിവെക്കും വിധത്തിലാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ഇടപെടലും. ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അത് കൂടുതല്‍ വ്യക്തമായി എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്ത്രിയുടെ പരാമര്‍ശം തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് എന്ന നിലയിലാണ് ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രം കേരളമാണെന്ന് തങ്ങളുയര്‍ത്തിയിരുന്ന ആരോപണം മുഖ്യമന്ത്രി ശരിവയ്ക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത് എന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പരാമര്‍ശത്തോടെ മലബാര്‍ കേന്ദ്രീകരിച്ചുള്ള വിവാദങ്ങള്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങേണ്ട നിലയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.