മുഖ്യമന്ത്രിയുടെ ബിജെപി ബന്ധം സത്യമാകുന്നോ? എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന ആരോപണം ബലപ്പെടുന്നു

Saturday, September 7, 2024

 

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ചതോടെ പല സംശയങ്ങളും ബലപ്പെടുകയാണ്. താന്‍ നടത്തിയത് സ്വകാര്യ സന്ദര്‍ശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ അജിത്കുമാര്‍ പറയുന്നുവെങ്കിലും അത്ര നിഷ്‌കളങ്കമല്ലെന്നാണ് വിലയിരുത്തല്‍. ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് താന്‍ പോയത് എന്നാണ് അജിത്കുമാര്‍ പറയുന്നത്.

തൃശ്ശൂര്‍ പൂരം കലക്കാന്‍ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവര്‍ത്തിച്ചിരുന്നു. പൂരം കലക്കിയത് കൊണ്ട് എഡിജിപിക്ക് വ്യക്തിപരമായി നേട്ടമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പൂരം അലങ്കോലപ്പെടുത്തിയാല്‍ അതിന്‍റെ ഫലം കൊയ്യാന്‍ ബിജെപിക്ക് കഴിയും. അതിന് എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഒത്താശ ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം.

ക്രമസമാധാന ചുമതലയുള്ള എഡിജിപി ആഭ്യന്തരവകുപ്പുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്. കേരളത്തിന്‍റെ ആഭ്യന്തരമന്ത്രി പിണറായി വിജയനാണ്. പോലീസ് സേനയിലെ ഒരു പ്രധാനനേതാവ് ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നത് ആഭ്യന്തരവകുപ്പിന്‍റെ അറിവോടെ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. അതായത് പ്രതിപക്ഷം ഉന്നയിച്ചതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെ, അദ്ദേഹത്തിന്‍റെ ദൂതനായിട്ടാണ് അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കാണാന്‍ പോയത് എന്ന ആരോപണം ബലപ്പെടുകയാണ്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തി, അതില്‍ നിന്നും രാഷ്ട്രീയനേട്ടം കൊയ്യാന്‍ ബിജെപിയെ സഹായിക്കുക എന്നതാണ് അജിത്കുമാറിന്‍റെയും പിണറായി വിജയന്‍റെയും ലക്ഷ്യം എന്നതാണ് ഉയരുന്ന ആക്ഷേപം. ഈ ഗൂഢപദ്ധതിയുടെ ഫലം പിന്നീട് ബിജെപിക്ക് ഉണ്ടായി എന്ന് കെ. മുരളീധരനും വ്യക്തമാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് അനുദിനം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള അജിത്കുമാറിന്‍റെ കൂടിക്കാഴ്ച. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം അവിടെ എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍എസ്എസിന്‍റെ പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മെയ് 22 ന് എഡിജിപി എത്തിയത്.