ആ പരാതിയും വ്യാജമോ? നവീന്‍ ബാബുവിനെതിരായ പരാതി കിട്ടിയിട്ടില്ലായെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍

Jaihind Webdesk
Thursday, October 17, 2024

പത്തനംതിട്ട :എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍. സംരംഭകന്‍ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി വിജിലന്‍സിനും ലഭിച്ചിട്ടില്ല. അതെസമയം നവീന്‍ ബാബുവിന്റെ പരസ്യമായി അപമാനിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ഇതുവരെയും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല.

കുടുംബം നേരിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും ആത്മഹത്യാ പ്രേരണ കുറ്റം ദിവ്യക്കെതിരെ ചുമത്തിയിട്ടില്ല. അസ്വാഭാവിക മരണം എന്ന് മാത്രാണ് എഫ്.ഐ.ആര്‍. എന്നാല്‍ കൈക്കൂലി ആരോപണം ഉയര്‍ത്തിയ ടിവി പ്രശാന്തന്‍ ബെനാമിയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രശാന്തനും മൗനത്തിലാണ്.

സര്‍ക്കാര്‍ ജീവനക്കാരന്‍ ആയ പ്രശാന്തന് എങ്ങനെയാണ് ഇത്രയധികം ആസ്തി എന്നും, ബിസിനസ് നടത്താന്‍ എങ്ങനെ സാധിക്കും എന്ന് അടക്കമുള്ള ചോദ്യങ്ങള്‍ വരുമ്പോഴാണ് അദ്ദേഹം മൗനം പാലിക്കുന്നത് .

അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് ജന്മനാട് ഇന്ന് വിട നല്‍കും. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെയോടെ വിലാപയാത്രയായി കളക്ടറേറ്റിലേക്ക് കൊണ്ടുപോകും.കളക്ടറേറ്റിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വിലാപയാത്രയായി നവീന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദര്‍ശനത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും ശേഷം മൂന്നു മണിയോടെയാകും സംസ്‌കാരം.