സംഘപരിവാർ മുഖ്യമന്ത്രിയാണോ കേരളം ഭരിക്കുന്നത് ? : ബെന്നി ബഹനാൻ എംപി

Jaihind Webdesk
Friday, September 10, 2021

കേരളത്തിൽ : സംഘപരിവാറിന് ഒരു മുഖ്യമന്ത്രി ഉണ്ടായിരിക്കുന്നു എന്നതിന് തെളിവാണ് കണ്ണൂർ സർവകലാശാലയിൽ ആർ.എസ.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ സിലബസിന്റെ ഭാഗമാക്കിയതെന്ന് മുൻ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി. ഇന്ത്യൻ രാഷ്ട്രീയ ചിന്തയിലെ മുഖ്യധാരകൾ പരിചയപ്പെടുത്തേണ്ടതിന് പകരം ആർഎസ്എസ് താത്പര്യങ്ങൾ അമിതാവേശത്തോടെ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുത്വ ദേശീയവാദം പഠിപ്പിക്കാൻ അഞ്ച് പുസ്തകങ്ങളാണ് സർവകലാശാല ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ പിന്തുണയില്ലാതെ ഇത് സാധ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന് ആർ എസ് എസുമായും ബി ജെ പി ദേശീയ നേതാക്കളുമായുമുള്ള അവിശുദ്ധ ബന്ധം ഇതിന് പിന്നിൽ ഉണ്ടോയെന്ന് സംശയിക്കപ്പെടണം.

സംഘപരിവാർ ആശയങ്ങളും അജണ്ടകളും ബി ജെ പിയേക്കാൾ ആവേശത്തോടെ നടപ്പാക്കുന്ന സംസ്‌ഥാനമായി കേരളം മാറി. മുഖ്യമന്ത്രിയുടെ ഡൽഹി യാത്രകൾക്ക് ഇതുമായി ബന്ധമുണ്ടോ എന്നന്വേഷിക്കണം. സംഘപരിവാർ താത്പര്യത്തിനും ഹിന്ദുത്വ വൈകാരികാഭിമുഖ്യത്തിനും പാഠപുസ്തകത്തിൽ അമിത പ്രാധാന്യം നൽകുന്നത് ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

വേണ്ടത്ര നിർദേശങ്ങൾ ക്ഷണിച്ചോ ശില്പശാല നടത്തിയോ വിദഗ്ധാഭിപ്രായം തേടിയ ശേഷമോ അല്ല പാഠപുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത് എന്നത് ഇതിനു പിന്നിലെ രാഷ്ട്രീയ അജണ്ടയ്ക്ക് തെളിവാണ്. ജവഹർലാൽ നെഹ്രുവിനെയു അബുൾ കലാം അസദിനെയുമൊക്കെ മാറ്റി നിർത്തി സവർക്കർ ആദരിക്കുന്ന അതേ ജീർണ മനസാണ് പിണറായി വിജയനും പിന്തുടരുന്നത്. കാസർകോട്ടെ കേന്ദ്ര സർവ്വകലാശാലയിലല്ല മറിച്ച് പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലെ സർവകലാശാലയാണ് ഇതിനു കോട്ട നിൽക്കുന്നത് എന്നത് നടുക്കമുളവാക്കുന്നതാണ്.

അക്കാദമിക രംഗത്തും അധിനിവേശം നടത്താനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് കൂട്ട നിൽക്കുന്ന പിണറായി സർക്കാരിന്റെ മുഖം മൂടി കൂടുതൽ വ്യക്തമാവുകയാണ്. കണ്ണൂർ സർവകലാശാല വി സിയും ബോർഡ് ഓഫ് സ്റ്റഡീസും സിൻഡിക്കേറ്റും രാജിവച്ചൊഴിയണം. ഇല്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. ആപത്തിലേക്കുള്ള വാതിലുകളാണ് പിണറായി വിജയൻ തുറന്ന് നൽകുന്നതെന്നും സംഘപരിവാർ അനുകൂല തീരുമാനങ്ങളിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി തയാറാകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.