ഇന്ത്യയിലേയ്ക്കുള്ള മാര്‍പ്പാപ്പയുടെ സന്ദര്‍ശനം വൈകിയതിനു പിന്നില്‍ പരിവാര്‍ ശക്തികളുടെ സമ്മര്‍ദ്ദം ? മാര്‍പ്പാപ്പയുടെ കോലം കത്തിച്ച വര്‍ഗ്ഗീയവാദികളെ രാജ്യം മറന്നിട്ടില്ല

Jaihind News Bureau
Monday, April 21, 2025

കത്തോലിക്കാ സഭ 2025 ജൂബിലി വര്‍ഷമായി ആഘോഷിക്കുകയാണ് ‘പ്രത്യാശയുടെ തീര്‍ത്ഥാടര്‍ ‘ എന്നതാണ് ഈ ജൂബിലിയുടെ ആപ്തവാക്യമായി തീരുമാനിക്കപ്പെട്ടത്.  2024 ക്രിസ്തുമസ്സിന് തൊട്ടുമുമ്പ് ആരംഭിച്ച് 2025 വര്‍ഷത്തെ പ്രത്യക്ഷീകരണത്തിരുന്നാളിലാണ് അവസാനിക്കുക. ഈ വേളയില്‍ മാര്‍പ്പാപ്പ ഇന്ത്യയില്‍ എ്ത്തുമെന്നായിരുന്നു വിശ്വാസികളുടെ പ്രതീക്ഷ. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ 2024 ഡിസംബറില്‍ ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫ്രാന്‍സിന് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം പല കാരണങ്ങളാലും- രാഷ്ട്രീയവും സാങ്കേതികവുമായ കാരണങ്ങളാല്‍ നീണ്ടു പോയി. ഒടുവില്‍ പോപ്പിന്റെ നിത്യതയിലേയ്ക്കുള്ള തിരോധാനവും വിശ്വാസികളെ നിരാശരും ദുഃഖിതരുമാക്കി.

പലപ്പോഴും ഇന്ത്യയില്‍ എത്തണമെന്ന താത്പര്യം പരസ്യമാക്കിയിട്ടുണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നാല്‍ വേണ്ട സമയത്തൊന്നും അനുമതി നല്‍കിയിരുന്നില്ല. പന്ത്രണ്ടുവര്‍ഷത്തോളം പാപ്പയായി അദ്ദേഹം കത്തോലിക്കാ സഭയുടെ തലപ്പത്തുണ്ടായിരുന്നിട്ടും ഒരിക്കല്‍ പോലും ഇന്ത്യയില്‍ എത്തിയില്ല എന്നത് എല്ലാവരേയും നിരാശരാക്കുന്നുണ്ട് .നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 മുതല്‍ അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) നിരന്തരം കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വേണ്ട താല്‍പര്യം കാണിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ജോണ്‍ പോള്‍ രണ്ടാമനായിരുന്നു ഏറ്റവും ഒടുവില്‍ ഇന്ത്യയിലെത്തിയ മാര്‍പ്പാപ്പ. 1999 നവംബറിലായിരുന്നു ഈ സന്ദര്‍ശനം. അന്ന് മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെതിരെ പരിവാര്‍ ശക്തികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. വിഎച്ച്പിയുടെ നേതൃത്വത്തില്‍ പോപ്പിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം നടത്തിയത് . ഇതെല്ല്ാം പോപ്പിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കള്‍ പോലും ഉയര്‍ത്തി. ബജ്രംഗ്ദളിന്റേയും മറ്റ് റാഡിക്കല്‍ സംഘടനകളുടേയും നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ പോലും നടന്നു. . ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, ഗള്‍ഫ്, മ്യാന്‍മാര്‍ എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി ഉണ്ടായില്ല. ഒരു പക്ഷേ, ഇതൊക്കെയാവാം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനും വിഘാതമായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ , ഏറ്റവും ഒടുവില്‍ 2024 ജൂണിലും അതിനു മുമ്പ് 2021 ലും പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പക്ഷേ ഇതിനപ്പുറം വേണ്ട ഒരുക്കങ്ങള്‍ ഇന്ത്യ നടത്തിയില്ല. പോപ്പിന്റെ സന്ദര്‍ശനത്തിനുള്ള സമയക്രമവും ഔദ്യോഗിക നടപടിക്രമങ്ങളും വൈകുകയാണുണ്ടായത്. 1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് ജോണ്‍ പോള്‍ രണ്ടാമന്‍ ആദ്യമായി ഇന്ത്യയില്‍ വരുന്നത്. അന്ന് അദ്ദേഹം കേരളത്തിലും വന്നിരുന്നു. കെ കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. പിന്നീട് 13 വര്‍ഷത്തിന് ശേഷമാണ് ജോണ്‍ പോള്‍ മാര്‍പ്പാപ്പ ഇന്ത്യയിലെത്തിയത്. പോപ്പിന്റെ വരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും കോലം കത്തിച്ചതും ഭരണ കക്ഷി എംപിയുടെ നേതൃത്വത്തിലായിരുന്നു എന്ന കാര്യം ഇന്നും മായാതെ കിടപ്പുണ്ട്.