‘കരുതല്‍ തടങ്കല്‍,സാധാരണക്കാരെ തടയല്‍; ഇത്ര ഭീരുവോ പിണറായി വിജയന്‍?’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, February 18, 2023

സുരക്ഷയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. പ്രതിഷേധം കണ്ടാല്‍ മുട്ടുവിറയ്ക്കുന്ന ഭരണാധികാരിക്ക് സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയും കരുതല്‍ തടങ്കലിലാക്കിയും സുരക്ഷയൊരുക്കുകയാണ് പോലീസ് ചെയ്യുന്നത്. ജനങ്ങളുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ട് എക്കാലവും മുന്നോട്ട് പോകാമെന്നുള്ളത് തെറ്റിദ്ധാരണയാണ്. കരിങ്കൊടി കാണിക്കണമെന്ന് വിചാരിച്ചാൽ അത് കാണിക്കാൻ ശേഷിയുള്ള പാർട്ടിയാണ് കോൺഗ്രസ്. ഇത്രയും അകമ്പടി ഉണ്ടായിട്ടും ഭയം മാറുന്നില്ലെങ്കില്‍ മറ്റെന്തെങ്കിലും ചികിത്സ നോക്കണം. സ്ഥിരമായി ആകാശമാർഗം യാത്ര ചെയ്യേണ്ടി വന്നാൽ ഞങ്ങളെ പഴിക്കരുതെന്നും കെ.സി വേണുഗോപാല്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

കെ.സി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇത്ര ഭീരുവാണോ പിണറായി വിജയൻ ?
സാധാരണക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് കൂടാതെ ഇപ്പോൾ കരുതൽ തടങ്കൽ വഴി, പ്രതിഷേധം കണ്ടാൽ മുട്ടുവിറയുള്ള ഭരണാധികാരിക്ക് സുരക്ഷയൊരുക്കുകയാണ് കേരളത്തിലെ പോലീസ് സേന.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ പോലീസ് രാവിലെ ആറുമണിക്കെത്തി കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി. അവിടെയും തീരുന്നില്ല. ശിവരാത്രി ദിവസം വേണ്ടത്ര പോലീസുകാർ ലഭ്യമല്ലാത്തതിനാൽ ഭൂമിയിൽക്കൂടിയുള്ള യാത്ര പോലും കേരളത്തിന്റെ മുഖ്യമന്ത്രി ഉപേക്ഷിച്ചുവെന്നാണ് കേൾക്കുന്നത്. ആരും കരിങ്കൊടി കാണിക്കാൻ സാധ്യതയില്ലാത്ത ആകാശത്തുകൂടിയാണത്രെ ഇന്നത്തെ യാത്ര.
ഇതിനിടയിൽ മറ്റൊരു വാർത്ത കൂടി കേട്ടു. നഗരപ്രദേശങ്ങളിലെ അപ്രതീക്ഷിത ആക്രമണങ്ങള്‍ക്ക് തടയിടാനും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാനുമായി പോലീസില്‍ അവഞ്ചേസ് കമാന്‍ഡോ വിഭാഗം രൂപീകരിച്ചുവെന്ന്. കേരളത്തിലെ ഏത് സേനയ്ക്കും സംരക്ഷിക്കാൻ പാകത്തിലുള്ള ഒരേയൊരു ‘തന്ത്രപ്രധാന കേന്ദ്രം’ മാത്രമേ ഇവിടെയുള്ളൂ. അത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭയന്നുവിറയ്ക്കുന്ന മുഖ്യമന്ത്രിയെ പൊതിഞ്ഞുപിടിക്കാനായി ക്രമസമാധാനം പാലിക്കാനെന്ന പേരിൽ പോലീസ് സംവിധാനത്തെ അപ്പാടെ ഉപയോഗിക്കുന്ന കാഴ്ചയും ‘പിണറായിക്കാലത്തെ’ സവിശേഷതകളാണ്.
എങ്ങോട്ടാണ് മുഖ്യമന്ത്രീ, താങ്കളിങ്ങനെ പേടിച്ചോടുന്നത്? ആരെയാണ് താങ്കൾ ഭയക്കുന്നത്? സ്വന്തം പ്രജകളെ ഭയന്നും അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും കേരളം കണ്ട ഏറ്റവും പരിഹാസ്യനായ മുഖ്യമന്ത്രിയായി താങ്കൾ മാറുകയാണ്. ഇരുപതിലധികം അകമ്പടിവാഹനങ്ങളുടെ സുരക്ഷിതത്വത്തിൽ ചീറിപ്പാഞ്ഞിട്ടും താങ്കളുടെ ഭയം മാറിയില്ലെങ്കിൽ അതിന് മറ്റെന്തെങ്കിലും ചികിത്സ നോക്കേണ്ടിയിരിക്കുന്നു.
അതല്ലാതെ ജനങ്ങളുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ട് എക്കാലവും മുന്നോട്ട് പോകാമെന്നുള്ളത് തെറ്റിദ്ധാരണയാണ്. കരിങ്കൊടി കാണിക്കണമെന്ന് വിചാരിച്ചാൽ അത് കാണിക്കാൻ ശേഷിയുള്ള പാർട്ടിയാണ് കോൺഗ്രസ്‌. സ്ഥിരമായി ആകാശമാർഗം യാത്ര ചെയ്യേണ്ടി വന്നാൽ ഞങ്ങളെ പഴിക്കാതിരിക്കുക.