മനുഷ്യന് എന്ത് അവകാശമാണ് ഈ നാട്ടിലുള്ളത്? ജീവിക്കാന്‍, ഇഷ്ടമുള്ള ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇങ്ങനെ ഒരു മനുഷ്യനുള്ള അവകാശങ്ങള്‍ ഭരണഘടനയില്‍ എഴുതിയ വെറും വാചകങ്ങള്‍ മാത്രമാണ് ഇപ്പോള്‍. അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തലസ്ഥാനത്ത് ഒരു ദളിത് സ്ത്രീ സിയമസംരക്ഷണം ലഭിക്കേണ്ട പോലീസ് സ്്റ്റേഷനില്‍ നേരിടേണ്ടി വന്നത്. അയല്‍രാജ്യത്തോ, അയല്സംസ്ഥാനത്തോ അല്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷികമാണ് നാളെ. കേരള ജനതയുടെ അവകാശങ്ങള്‍ നിഷേധിച്ച, പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി അര്‍ഹതപ്പെട്ടവരുടെ അവസരങ്ങള്‍ കളഞ്ഞ, ജോലിക്കുള്ള കൂലി കൊടുക്കാത്ത, ആശുപത്രിയില്‍ മരുന്നില്ലാത്ത, സപ്ലൈക്കോയില്‍ സാധനങ്ങളില്ലാത്ത- ഇങ്ങനെ അവസാനിക്കാത്ത ജനദ്രോഹങ്ങളുടെ നാല് വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. കോടികള്‍ മുടക്കിയുള്ള ആഘോഷ പരിപാടിക്കിടയില്‍ മറ്റൊരു കറുത്ത ഏടുകൂടി സര്‍ക്കാരിന്റെ പൊന്തൂവലില് ചേര്‍ക്കപ്പെടുകയാണ്. എന്നാല്‍ അതേസമയം, അതേ ദളിത് വിഭാഗത്തില്‍പ്പെട്ട റാപ്പര്‍ വേടനെ സംരക്ഷിക്കുന്ന പിണറായി സര്‍്ക്കാരിന്റെ ഇരട്ടത്താപ്പോ സ്ത്രീ വിരുദ്ധതയോ ഇവിടെ തെളിഞ്ഞു കണ്ടത്?
വ്യാജ മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവതിയെ 20 മണിക്കൂറാണ് പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ പരാതി വായിച്ചു പോലും നോക്കാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി മേശപ്പുറത്തിട്ടെന്ന് പരാതിക്കാരിയായ ബിന്ദു ആരോപിച്ചിരുന്നു. വിഷയം വിവാദമായപ്പോള്‍ പേരൂര്‍ക്കട എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. നിരപരാധിയായ തന്നെ മോഷണക്കേസില്‍ കുടുക്കി പോലീസ് കാട്ടിയ ക്രൂരതയെക്കുറിച്ച് പരാതിപ്പെടുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയെങ്കിലും തികഞ്ഞ അവഹേളനം ഉണ്ടായി എന്ന പരാതിയാണ് ദളിത് യുവതി ഉയര്‍ത്തുന്നത്. വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ നിന്ന് വെള്ളം കുടിക്കുവാന്‍ പോലീസുകാരന് പറയുകയും അസഭ്യവര്‍ഷം നടത്തിയതായും ബിന്ദു ആരോപിപ്പിച്ചു. നിരപരാധിയാണ് എന്ന് ബോധ്യമായിട്ടും മേലില്‍ പേരൂര്‍ക്കട ഉള്‍പ്പെടുന്ന മേഖലകളില്‍ പ്രവേശിച്ചാല്‍ മറ്റ് കേസുകളില്‍ കുടുക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ഇതാണോ സര്‍ക്കാര്‍ നീതി? എന്നാല്‍ റാപ്പര്‍ വേടന്റെ കേസിലെ സര്‍ക്കാര്‍ നിലപാട് എങ്ങനെയെന്ന് നോക്കാം,
ഫ്ളാറ്റില്‍ നിന്ന് 6 ഗ്രാം കഞ്ചാവ് പിടികൂടിയതിനും പിന്നാലെ പുലിപ്പല്ല് കൈവശം വച്ചതിനും പ്രമുഖ റാപ്പര്‍ ‘വേടന്’ എന്ന ഹിരണ്‍ദാസ് മുരളിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്. എന്നാല്‍ നിയമനടപടിക്കൊരുങ്ങിയ വനംവകുപ്പിന് നേരെ ആഞ്ഞടിക്കുന്ന കേരള സര്‍ക്കാരിനെയാണ് കണ്ടത്. വേട്ടയാടാന്‍ സമ്മതിക്കില്ലെന്നും വേടനെ സംരക്ഷിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വേടനെ പിന്തുണച്ച് പിണറായിയും സിപിഎമ്മും അന്ന് രംഗത്ത് വന്നിരുന്നു. സര്‍്ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ ‘ എന്റെ കേരളം’ പരിപാടിയുടെ ഉദ്ഘാടന ദിവസം വേടനായിരുന്നു പ്രധാന ക്ഷണിതാവ്. വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പരിപാടി മാറ്റിവച്ചെങ്കിലും പിന്നീട് വേടനെ പ്രത്യേകം ക്ഷണിച്ച്് മുഖ്യമന്ത്രി പരിപാടി നടത്തുകയായിരുന്നു.
സര്‍ക്കാരിന്റെ രീതികള്‍ എന്നും വിചിത്രമാണ്. ഒരു വശത്ത് രക്ഷകന്റെ വേഷത്തില്‍ പകര്‍ന്നാട്ടം നടത്തുമ്പോള്‍ മറ്റൊരു വശത്ത് മനുഷ്യാവകാശ ലംഘനത്തിന് തിരിക്കൊളുത്തുകയാണ് പിണറായി സര്‍ക്കാര്‍.