ബംഗ്ലാദേശിലെ സംഭവങ്ങളിൽ പാകിസ്താന് പങ്കുണ്ടോ?, ചോദ്യമുന്നയിച്ച് രാഹുൽ; വിശദീകരിച്ച് കേന്ദ്രം

Jaihind Webdesk
Tuesday, August 6, 2024

 

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സംഭവങ്ങള്‍ക്ക് പിന്നില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന ചോദ്യം സര്‍വകക്ഷി യോഗത്തില്‍ ഉന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശശക്തികള്‍ക്ക്, പ്രത്യേകിച്ച് പാകിസ്താന് വിഷയത്തില്‍ പങ്കുണ്ടോ എന്നായിരുന്നു ചോദ്യം. ബംഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനിടെയാണ് രാഹുല്‍ ചോദ്യമുന്നയിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ജയ്ശങ്കര്‍ മറുപടി നല്‍കി.

ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിന് പിന്നാലെ ഒരു പാക് നയതന്ത്രജ്ഞന്‍ തന്‍റെ സാമൂഹികമാധ്യമത്തിലെ മുഖചിത്രം മാറ്റിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം കൃത്യമായി പരിശോധിക്കുമെന്ന് കേന്ദ്രം യോഗത്തില്‍ അറിയിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിലെ അധികാരമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന നയതന്ത്രപരമായ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഹ്രസ്വ-ദീര്‍ഘകാല നടപടികളെന്താണെന്നായിരുന്നു രാഹുലിന്‍റെ മറ്റൊരി ചോദ്യം. ധാക്കയിലെ നിലവിലെ സാഹചര്യം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നായിരുന്നു എസ്. ജയ്ശങ്കറിന്‍റെ മറുപടി.