സി.പി.എം തളരുന്നുവോ?; കോണ്‍ഗ്രസിലേക്ക് സി.പി.എം നേതാക്കളുടെ ഒഴുക്ക്

Jaihind Webdesk
Monday, January 13, 2025

കാസർഗോഡ്: ജില്ലയിൽ സിപിഎം നേതാക്കൾ കോൺഗ്രസ് പാർട്ടിയില്‍ ചേർന്നു. സിപിഎം മഞ്ചേശ്വരം മുന്‍ ഏരിയ കമ്മിറ്റി മെമ്പറും സി ഐ ടി യു ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായ ഫാറൂഖ് ഷിറിയയുടെ നേതൃത്വത്തില്‍ സിപിഎം നേതാക്കളും അനുഭാവികളുമാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വെച്ച് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസലാണ് പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ബന്തിയോട് മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന അഷ്റഫ് മുട്ടം, പി.കെ നഗര്‍ ബ്രാഞ്ച് സെക്രട്ടറിയും കമ്മിറ്റി അംഗവുമായിരുന്ന ലത്തീഫ് , ബന്തിയോട് മുട്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റിയാസ് ആലക്കോട്, പാര്‍ട്ടി മെമ്പറും അനുഭാവികളുമായ ഡി ബഷീര്‍, ജാവേദ് മുട്ടം, ലത്തീഫ് ഷിറിയ, മുഹമ്മദ് യൂസഫ് ഓണന്ത, ജാഫര്‍ തങ്ങള്‍, അബ്ദുള്ള പച്ചമ്പല, മുഹമ്മദ് മെര്‍ക്കള എന്നിവരാണ് സിപിഎം പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത് . കൊലപാതക കുറ്റത്തിന് കോടതി ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് സംരക്ഷണമൊരുക്കുന്ന സിപിഎം നടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് നേതാക്കള്‍ പറഞ്ഞു.