കൂടെപ്പിറപ്പിനെ കൊലക്ക് കൊടുത്ത ബിജെപി; നിങ്ങളോ കോര്‍പറേഷന്‍ ഭരിക്കാന്‍ പോകുന്നത്?

Jaihind News Bureau
Saturday, November 15, 2025

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാന്‍ കടുത്ത ശ്രമം നടത്തുന്ന ബി.ജെ.പി.ക്ക് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടര്‍ച്ചയായ തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ആഭ്യന്തര തര്‍ക്കങ്ങളും സാമ്പത്തിക ക്രമക്കേടുകള്‍ മൂലമുള്ള ആത്മഹത്യകളും സംഘടനയുടെ പ്രതിച്ഛായയെയും ലക്ഷ്യത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആനന്ദ് കെ.തമ്പി എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തതോടെ ന്യായീകരണത്തിന്റെ വേലികള്‍ തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വം.

തൃക്കണ്ണാപുരം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിലെ മനോവിഷമത്തിലാണ് ബി.ജെ.പി. പ്രവര്‍ത്തകനായ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തത്. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് അദ്ദേഹം തൃക്കണ്ണാപുരത്ത് പ്രചാരണവും തുടങ്ങിയിരുന്നു. എന്നാല്‍, പാര്‍ട്ടി വിനോദ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ആനന്ദ് മനോവിഷമത്തിലാവുകയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഈ ‘അധികാരക്കളി’ ബി.ജെ.പി. നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. മണ്ണ് മാഫിയാ ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആനന്ദ് ആത്മഹത്യാ സന്ദേശത്തില്‍ ഉന്നയിച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ കൂടെപ്പിറപ്പിനെ കൊലയ്ക്കു കൊടുക്കുന്ന സംഘടനാ രീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

തൃക്കണ്ണാപുരത്തിന് തൊട്ടടുത്ത വാര്‍ഡിലെ കൗണ്‍സിലറും ബി.ജെ.പി. നേതാവുമായ അനില്‍ കുമാറിന്റെ ആത്മഹത്യയുടെ ആഘാതത്തില്‍ നിന്ന് ബി.ജെ.പി. ഇതുവരെ കരകയറിയിട്ടില്ല. ഇതിന് പിന്നാലെയാണ് ആനന്ദിന്റെ ആത്മഹത്യയെന്നത് തിരിച്ചടിയുടെ ആഴം വര്‍ദ്ധിപ്പിക്കുകയാണ്. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയില്‍ നിന്ന് ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും അടക്കം വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ബി.ജെ.പി. സംസ്ഥാന നേതാക്കളെ അടക്കം നേരില്‍ കണ്ടിട്ടും അനില്‍ കുമാറിന് സഹായം ലഭിച്ചിരുന്നില്ല. പ്രാദേശിക നേതാക്കളെ സംസ്ഥാന നേതൃത്വം അവഗണിക്കുന്നു എന്ന ഗുരുതരമായ ഉത്തരമാണ് അനിലിന്റെ ആത്മഹത്യയിലൂടെ വെളിവായത്.

‘ഭരിക്കാന്‍ അവസരം നല്‍കൂ’ എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ‘അധികാരമോഹത്തിന്റെ’ പേരില്‍ സ്വന്തം അണികളെ പോലും ബലിയാടാക്കുന്ന നേതൃത്വത്തിന് കേരളത്തില്‍ എന്നല്ല രാജ്യം ഭരിക്കാന്‍ പോലും യോഗ്യതയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഈ മരണങ്ങളിലെല്ലാം ന്യായീകരണങ്ങള്‍ നിരത്താന്‍ ഓടിവരുമ്പോള്‍ ജനങ്ങള്‍ മണ്ടരല്ലെന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടി മനസ്സിലാക്കണം.