കെ ഫോണ്‍ പദ്ധതിയില്‍ മുഴുവന്‍ ക്രമക്കേട്; ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകള്‍ ഇറക്കുന്നത് ചൈനയില്‍ നിന്ന്: ടെണ്ടർ വ്യവസ്ഥകളുടെ ലംഘനം

Jaihind Webdesk
Tuesday, June 6, 2023

 

തിരുവനന്തപുരം: കെ ഫോണിന്‍റെ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ (optical ground wire) ക്രമക്കേടിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്. ടെണ്ടർ വ്യവസ്ഥയെ അട്ടിമറിച്ച് ചൈനയിൽ നിന്നും കേബിളുകൾ ഇറക്കുമതി ചെയ്ത ശേഷം എൽ.എസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് ആലേഖനം ചെയ്തു ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇന്ത്യയിൽതന്നെ നിർമിക്കുന്ന കേബിളുകൾ വേണം എന്ന് കരാറിൽ നിഷ്കർഷിക്കുമ്പോഴാണ് മാനദണ്ഡങ്ങൾ പാലിക്കാതെ ചൈനയിൽ നിന്നും കേബിളുകൾ ഇറക്കുമതി ചെയ്യുന്നത്.

കെ ഫോൺ പദ്ധതിയുടെ സുപ്രധാന ഘടകമായ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ അഥവാ ഒപിജിഡബ്ല്യു (OPGW) കേബിളുകളുടെ ഗുണനിലവാരം സംബന്ധിച്ച വിവാദമാണ് ശക്തമാകുന്നത്. ഈ ടെണ്ടർ പ്രകാരം എൽ.എസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്എന്ന സ്ഥാപനമാണ് കരാർ നേടിയത്.  ടെണ്ടർ വ്യവസ്ഥകൾ പ്രകാരം കേബിളുകൾ നൽകുന്ന കമ്പനി കേബിളുകൾ
ഇന്ത്യയിൽ മാനുഫാക്ചർ ചെയ്യുന്നവരായിരിക്കണം. ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ കേബിളുകൾ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഇവർക്ക് ഉണ്ടായിരിക്കണം. ഇതിനു പുറമേ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കുറഞ്ഞത് 250 കിലോമീറ്റർ കേബിൾ നിർമ്മിച്ച സ്ഥാപനം ആയിരിക്കണം എന്ന തടക്കമുള്ള വ്യവസ്ഥകളാണ് ടെണ്ടറിൽ നിഷ്കർഷിച്ചിരുന്നത്. എന്നാൽ കരാർ ഏറ്റെടുത്ത സ്ഥാപനത്തിന്‍റെ ഹരിയാന ഫാക്ടറിയിൽ കേബിളുകൾ നിർമ്മിക്കാനുള്ള ഒരു സൗകര്യമില്ലെന്നാണ് വ്യക്തമാകുന്നത്. ഇവർ ചൈനയിൽ നിന്നും കേബിളുകൾ ഇറക്കുമതി ചെയ്തതിനു ശേഷം എൽ.എസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് ആലേഖനം ചെയ്യുകയാണ്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഗുണനിലവാരം കുറഞ്ഞ കേബിളുകൾ ഉപയോഗിച്ചാണ് പദ്ധതിയെ പ്രാവർത്തികമാക്കിയതെന്ന കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.