തിരുവനന്തപുരം: നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടില്‍ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുന്നതിന് അടിയന്തരവും വിശ്വാസയോഗ്യവുമായ നടപടി വേണമെന്ന് പ്രമേയത്തിലൂടെ
കേന്ദ്ര സർക്കാരിനോട് നിയമസഭ ആവശ്യപ്പെട്ടു. സഭയിൽ അവതരിപ്പിച്ച ഉപക്ഷേപ ചർച്ചയിൽ കേരളത്തിൽ നടന്ന പിഎസ്‌സി പരീക്ഷാ തട്ടിപ്പിനെതിരെ മാത്യു കുഴൽ നാടൻ വിമർശനം ഉയർത്തിയത് സ്പീക്കറുമായുള്ള വാദപ്രതിവാദത്തിനിടയാക്കി.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിൽ ആക്കിക്കൊണ്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NAT) നടത്തിയ
നീറ്റ്, നെറ്റ് പരീക്ഷാ തട്ടിപ്പിനെ കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചയാണ് നിയമസഭയിൽ എം. വിജിൻ അവതരിപ്പിച്ച ഉപക്ഷേപത്തിലൂടെ നടന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനും കാവിവൽക്കരിക്കാനും നടക്കുന്ന നീക്കങ്ങളെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തുറന്നു വിമർശിച്ചു. പ്രവേശന പരീക്ഷയെ അട്ടിമറിച്ച ബിജെപി സർക്കാരിനെതിരെ തുറന്ന വിമർശനങ്ങളാണ് സഭയിൽ ഉയർന്നത്. പ്രവേശന പരീക്ഷകളെ സുതാര്യമാക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് പുറത്തിറക്കിയിരുന്ന പ്രകടനപത്രികയെ എടുത്തു കാട്ടിയാണ് സണ്ണി ജോസഫും എം.കെ. മുനീറും ചർച്ചയിൽ പങ്കെടുത്തത്.
ഉപക്ഷേപ ചർച്ചയിൽ പങ്കെടുത്ത മാത്യു കുഴൽനാടൻ കേരളത്തിൽ നടന്ന പിഎസ്‌സി പരീക്ഷാ തട്ടിപ്പിനെതിരെ വിമർശനം ഉയർത്തി. പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ 5 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും അവർക്ക് മാത്രമാണോ പങ്കെന്നും കുഴൽനാടൻ ചോദിച്ചു. ഇതോടെ സ്പീക്കറും മാത്യു കുഴൽനാടനും തമ്മിൽ സഭയിൽ വാദപ്രതിവാദം ഉണ്ടായി. രണ്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം നീറ്റ്, സെറ്റ് പരീക്ഷകളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുന്നതിന് അടിയന്തരവും വിശ്വാസയോഗ്യവുമായ നടപടി വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സഭ പാസാക്കി.